ഫോണ്‍പേ, പേടിഎം ഉപഭോക്താക്കളാണോ? ഈ ആപ്പുകള്‍ ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജും ബില്‍ അടയ്ക്കുകയും ചെയ്യുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക


പേയ്‌മെന്റ് ആപ്പുകളായ ഫോണ്‍പേയും പേടിഎമ്മുമെല്ലാം ഇടപാടുകള്‍ക്ക് കാഷ്ബാക്ക് നല്‍കുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ അങ്ങോട്ട് പണം ചാര്‍ജ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്, പ്ലാറ്റ്‌ഫോം ഫീ എന്ന പേരില്‍. മൊബൈല്‍ റീചാര്‍ജിനും കറണ്ട് ബില്‍ അടച്ചാലുമെല്ലാം ഇനി പ്ലാറ്റ്‌ഫോം ഫീ നല്‍കേണ്ടിവരും.

റീചാര്‍ജ്, ബില്ലടക്കല്‍ എന്നിവയ്ക്ക് ജി.എസ്.ടി ഉള്‍പ്പെടെ ഈടാക്കുന്ന നാമമാത്രമായ തുകയാണ് പ്ലാറ്റ്‌ഫോം ഫീസ് എന്നാണ് ഫോണ്‍പേ ആപ്പ് പറയുുന്നത്. റീചാര്‍ജ് പരാജയപ്പെട്ടാല്‍ ആ തുക റീഫണ്ട് ചെയ്യുകയും ചെയ്യുമെന്നും അവര്‍ പറയുന്നു.

പേടിഎം ഓരോ റീചാര്‍ജിനും ഒരു രൂപവീതവും ഫോണ്‍പേ രണ്ടുരൂപവീതവുമാണ് പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കുന്നത്. പ്രധാനപ്പെട്ട ഒരു കാര്യം എല്ലാവരില്‍ നിന്നും ഈ ഫീസ് ഇപ്പോള്‍ ഈടാക്കുന്നില്ലയെന്നതാണ്. പ്രത്യേകം തെരഞ്ഞെടുത്ത ചില ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ചാര്‍ജ്. നിങ്ങള്‍ ഇപ്പോള്‍ റീചാര്‍ജ് ചെയ്തശേഷം പ്ലാറ്റ് പോം ഫീ ഈടാക്കിയില്ലെങ്കില്‍, അധികം സന്തോഷിക്കേണ്ട, ഭാവിയില്‍ നിങ്ങളില്‍ നിന്നും പ്ലാറ്റ്‌ഫോം ഫീ ഈടാക്കാം. പേടിഎം വൈദ്യുതി ബില്ലുകള്‍ക്ക് അഞ്ചുരൂപവരെ പ്ലാറ്റ്‌ഫോം ഫീ ആയി ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഗൂഗിള്‍പേ പോലുള്ള മറ്റ് പേയ്‌മെന്റ് ആപ്പുകള്‍ ഇത്തരത്തിലുള്ള ചാര്‍ജുകള്‍ ഈടാക്കിയിട്ടില്ല. അതുപോലെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്ററുടെ ആപ്പില്‍ കയറി റീചാര്‍ജ് ചെയ്യുകയും പേയ്‌മെന്റിനായി ഈ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്താലും പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നില്ല.