സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വിലകൂട്ടി; വ്യാപാരികളുടെ കമ്മീഷനും വർധിപ്പിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള റേഷൻ പഞ്ചസാരയുടെ വിലകൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി. ഇതിന് മുമ്പ് 2018 ആഗസ്റ്റിലാണ് റേഷൻ പഞ്ചസാരയുടെ വില കൂട്ടിയത്.
റേഷൻ പഞ്ചസാരയുടെ വിതരണത്തിലൂടെ സർക്കാറിനുണ്ടാകുന്ന പ്രതിവർഷം ബാധ്യത കുറയ്ക്കാൻ വില കിലോഗ്രാമിന് 31 രൂപയാക്കണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. എന്നാൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ആവശ്യപ്പെട്ടത് 25 രൂപയാക്കണമെന്നാണ്. ഇതുരണ്ടും പരിഗണിച്ചാണ് സർക്കാർ 27 രൂപ വില നിശ്ചയിച്ചത്.
വില കൂട്ടിയതിനൊപ്പം റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷനും വർധിപ്പിച്ചു. നിലവിൽ ഒരു കിലോഗ്രാം പഞ്ചസാര വിതരണം ചെയ്യുന്നതിന് 50 പൈസയാണ് ലഭിച്ചിരുന്നത്. ഇത് ഒരു രൂപയാക്കുകയാണ് ചെയ്തത്.