ഇന്നും നാളെയും റേഷൻകടകൾ അടച്ചിടും; റേഷൻ വ്യാപാരികളുടെ രണ്ടു ദിവസത്തെ സമരം ഇന്നുമുതൽ


വടകര: ഇന്നും നാളെയും റേഷൻ കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികൾ സമരം നടത്തും. റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെയാണ് റേഷൻ വ്യാപാരികൾ സംയുക്തമായി രണ്ടുദിവസത്തെ സമരം നടത്തുന്നത്. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷൻ കടകൾ അടഞ്ഞുകിടക്കുക.

കഴിഞ്ഞദിവസം സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ‌് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലാണ് റേഷൻ വ്യാപാരികളുടെ രാപ്പകൽ സമരം നടക്കുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ.ടി.പി.ഡി.എസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്.