സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി; പത്ത് മാസത്തിനിടെ മരിച്ചത് 163 പേർ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി എലിപ്പനി വ്യാപനം കൂടുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി വ്യാപനം. പത്ത് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 163 പേർ.ഈ മാസം 208 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഒമ്പത് മരണം സംഭവിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. എല്ലാ ജില്ലകളിലും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഓരോ മാസത്തെയും കണക്കുകൾ ആശങ്കപ്പെടുത്തുന്നുണ്ട്.
പ്രതിദിനം പത്തിലധികം ആളുകളിൽ എലിപ്പനി സ്ഥിരീകരിക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി എലിപ്പനി വ്യാപനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ബോധവത്കരണവും രോഗപ്രതിരോധ ഗുളിക കഴിക്കണമെന്ന നിർദ്ദേശവും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്.
രോഗനിർണയത്തിലുണ്ടാകുന്ന കാലതാമസം രോഗിയുടെ അവസ്ഥ ഗുരുതരമാകാൻ കാരണമാകുന്നുണ്ട്. അതേസമയം വൈറൽപനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രതിദിനം പതിനായിരത്തിന് മുകളിൽ രോഗികളാണ് ചികിത്സ തേടുന്നത് .