ഏഴ് മഹല്ലുകളിൽ നിന്നായി മൂവായിരത്തോളം പേർ കുന്ന് കയറി പാറപ്പള്ളിയിലെത്തും, ഭക്ഷണത്തോടൊപ്പം സ്നേഹവും പങ്കുവയ്ക്കാൻ; വിശുദ്ധ റമദാനിലെ 26-ാം രാവിൽ പാറപ്പള്ളിയിൽ നടക്കുന്ന അപൂർവ്വ ഒത്തുകൂടലിന്റെ വിശേഷങ്ങൾ ഫൈസൽ പെരുവട്ടൂർ എഴുതുന്നു


ഫൈസൽ പെരുവട്ടൂർ

വിശുദ്ധ റമളാനിലെ 26 ആം രാവ് കൊല്ലം പാറപ്പള്ളിയ്ക്കും വിശ്വാസികൾക്കും പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓത്തു ദിവസമാണ്. പള്ളികളിൽ ജോലി ചെയ്തിരുന്ന മുത്തഅല്ലിമുകൾക്ക് കൃത്യമായ വേതന വ്യവസ്ഥിതി ഇല്ലാതിരുന്ന പണ്ട് കാലങ്ങളിൽ ഒരു വാർഷിക ബോണസ് എന്ന രൂപത്തിൽ റമളാൻ 25 നു നടത്തിവരാറുള്ളതാണ് ഇത്.

അന്നേ ദിവസം വൈകുന്നേരത്തോട് കൂടി കൊല്ലം ജുമുഅത് കമ്മിറ്റിയ്ക്ക് കീഴിലുള്ള ഏഴ് മഹല്ലുകൾക്ക് കീഴിലുള്ള വീടുകളിൽ നിന്നും നോമ്പ് തുറ വിഭവങ്ങളും ഓതിനുള്ള പണവുമായി ആളുകൾ കുന്നു കയറിത്തുടങ്ങും. തങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരുടെ ഖബർ സിയറാതും വർഷത്തിൽ ഒരിയ്ക്കൽ മാത്രം കാണുന്ന പരിചയം പുതുക്കലുമായി ഒരു സായന്തനം പാറപ്പള്ളി കുന്നിനായി മാറ്റി വയ്ക്കുന്ന ജന സഞ്ചയങ്ങൾ.

തങ്ങൾക്കാവശ്യമുള്ളവ കഴിച്ചു ബാക്കി വരുന്ന ഭക്ഷണ വിഭവങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൈമാറി എല്ലാവർക്കും നോമ്പ് തുറ വിഭവങ്ങൾ കിട്ടിയെന്നുറപ്പു വരുത്തിയതിനു ശേഷം അവർ ഓരോ സംഘങ്ങളായി മുനമ്പം ഔലിയ പള്ളി, ഹിളർ പള്ളി, വലിയ പള്ളി, മഖാo പള്ളി, പാറപ്പള്ളി തുടങ്ങി ഓരോ ദേശക്കാർക്കും മുതൽക്കേ അനുവദിച്ച സ്ഥലങ്ങളിൽ ബാങ്ക് വിളിയ്ക്ക് കാതോർത്തിരിക്കും.

അപരന്റെ വിശപ്പിന്റെ വിലയറിയുന്ന ഇത്തരം കൂട്ടായ്മകളിൽ പ്രസ്തുത ദിവസം നോമ്പ് തുറന്നു കുന്നിറങ്ങുന്നത് ഏതാണ്ട് മൂവായിരത്തിൽപരം ആളുകളാണ്. ജാതിയും മതവും ഊരും പേരുമന്വേഷിക്കാതെ അവർ നമ്മെ അവർക്കൊപ്പം ചേർത്തിരുത്തും. അവരോടൊപ്പം നോമ്പ് തുറപ്പിക്കും. പള്ളികൾക്ക് ഉൾക്കൊള്ളനാവാത്ത മനുഷ്യ കടലല ആ കടൽ തീരത്തു വൂളൂഹ് ചെയ്ത് നിസ്‌ക്കരിയ്ക്കും.

അസ്തമയ സൂര്യൻ ബാക്കി വച്ചു പോയി ഇരുട്ട് വീണ് തുടങ്ങുന്ന പാറപ്പള്ളി കുന്നിനെയും വിശാലമായ ഖബറുകളിൽ ഉറങ്ങുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ഏൽപ്പിച്ചു കൊണ്ടവർ കുന്നിറങ്ങി തുടങ്ങും, അടുത്ത തവണ കാണാമെന്ന പ്രതീക്ഷയോടെ…