ബലാത്സംഗ കേസ്; മുകേഷ് എം.എൽ.എയ്ക്കും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
കൊച്ചി: നടിയെ ബലാത്സംഗ ചെയ്തെന്ന കേസിൽ നടനും എംഎൽഎയുമായ മുകേഷിനും, നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു. ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിൻറെ വാദം. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകൾ കോടതിയിൽ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ഇതിനിടെ ബലാത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.