‘സിനിമയില്‍ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’; നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്


കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. സിനിമയില്‍ അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു.

കേസില്‍ ആറോളം പേര്‍ പ്രതികളാണെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ ആറാം പ്രതിയാണ് നിവിന്‍. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ചലച്ചിത്ര നിര്‍മാതാവാണ് കേസിലെ രണ്ടാം പ്രതിയെന്നാണ് ലഭിക്കുന്ന വിവരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ യുവതി ആരോപണം ഉന്നയിച്ചുവെന്നാണ് വിവരം. കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Description: Rape case against actor Nivin Pauly