വേദനകളുടെ 23 വർഷം, ജീവിതത്തിന് താങ്ങായി വീല്‍ച്ചെയറും ഈർക്കിലും; മേപ്പയില്‍കാരന്‍ രമേശനെ തേടി അവാർഡ് തിളക്കം


വടകര: കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് തിളക്കത്തില്‍ മേപ്പയില്‍ സ്വദേശി. കഴിഞ്ഞ ഇരുപത് വര്‍ഷമായി കരകൗശല രംഗത്ത് സജീവമായ മൂരിയോടന്‍ കണ്ടിയില്‍ രമേശനാണ് അവാര്‍ഡ് ലഭിച്ചത്‌. ഈര്‍ക്കിലില്‍ രമേശന്‍ മെനയുന്ന നിലവിളക്കിനും കിണ്ടിക്കും ശംഖിനും കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കുമ്പോഴും മതിമറന്ന് സന്തോഷിക്കാന്‍ രമേശന് കഴിയുന്നില്ല എന്നതാണ് സത്യം.

25 വയസ്‌ വരെ ഊര്‍ജ്ജസ്വലനായി ജോലിക്ക് പോയിരുന്ന ചെറുപ്പക്കാരനായിരുന്നു രമേശന്‍. സ്വര്‍ണപണിയായിരുന്നു ജോലി. ഇതിനിടെയാണ് ഒരു ദിവസം വലതുകൈ വല്ലാതെ വേദനിച്ചത്. പിന്നാലെ കൈ ഉയര്‍ത്താന്‍ പറ്റാതെയായി. പിന്നീടങ്ങോട്ട് ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്കും വേദന വന്ന് തളരാന്‍ തുടങ്ങി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളെല്ലാം വേദനകളുടേതായിരുന്നു.

അതില്‍ നിന്നെല്ലാം ഓടിയൊളിക്കാനായിരുന്നു ഈര്‍ക്കിലില്‍ ശില്‍പങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. അങ്ങനെ പതിയെ പതിയെ രമേശന്‍ വേദനകളെ മറന്ന് തുടങ്ങി. ഒരു ശില്‍പം ഉണ്ടാക്കണമെങ്കില്‍ ഏതാണ്ട് 10 മണിക്കൂറോളം സമയം ചിലവഴിക്കണം. അത്രത്തോളം ശ്രദ്ധയും കരുതലും വേണ്ട മേഖലയാണിതെന്നാണ് രമേശന്‍ പറയുന്നത്. പക്ഷേ അധ്വാനിക്കുന്നതിന്റെ പകുതിപോലും വരുമാനം തിരികെ ലഭിക്കുന്നില്ല, ആളുകള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വില കുറച്ച് കൊടുത്താല്‍ മാത്രമേ വാങ്ങൂകയുള്ളൂവെന്ന അവസ്ഥയിലാണ്.

നിലവിളക്ക് പോലുള്ളവ ഉണ്ടാക്കിയെടുക്കാന്‍ ഏതാണ്ട് 3 മാസത്തോളമാണ് എടുക്കുക, എന്നാല്‍ അതിനനുസരിച്ചുള്ള വരുമാനമില്ലാത്തതാണ് സങ്കടമെന്നാണ് രമേശന്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും മരണശേഷം സഹോദരന്‍ രവീന്ദ്രനും കുടുംബത്തിനുമൊപ്പമാണ് കഴിയുന്നത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് രമേശന്റെ ജീവിതത്തിന് കൂട്ട്.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു അവാർഡ് സമർപ്പണ ചടങ്ങ്. എന്നാല്‍ ശാരീരിക കാരണങ്ങളാൽ എത്തിച്ചേരാൻ കഴിയാതിരുന്ന രമേശനെ അദ്ദേഹത്തിൻ്റെ വടകരയുള്ള വസതിയിൽ വെച്ച് അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ ആദരിക്കുകയായിരുന്നു.