പരിമിതികളും പരാധീനതകളും മറികടന്ന് രാമല്ലൂര്‍ ജി.എല്‍.പി സ്‌കൂള്‍ ഭൗതിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിലേക്ക്
പേരാമ്പ്ര: രാമല്ലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ആദായകരമല്ലെന്ന് പറഞ്ഞ് അടച്ചു പൂട്ടാന്‍ ഒരുങ്ങിയതായിരുന്നു രാമല്ലൂര്‍ സ്‌കൂള്‍. പിന്നീട് ടീച്ചേഴ്‌സിന്റെയും നാട്ടുകാരുടെയും പിന്തുണയോട് കൂടി വെല്ലുവിളികളെ മറികടന്നാണ് സംസ്ഥാനത്തെ തന്നെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.25 കോടിരൂപയാണ് രാമല്ലൂര്‍ ഗവ: എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ചത്. മികച്ച ഭൗതിക സൗകര്യങ്ങളോടെ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിച്ചത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. ഏതു കുടുംബ സാഹചര്യത്തില്‍ നിന്ന് വന്നാലും ശാരീരികമോ മാനസികമോ ആയ ഭിന്നശേഷികള്‍ ഉണ്ടായാലും അവരെയെല്ലാം ഉള്‍ച്ചേര്‍ക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് കേരളം മുന്നോട്ടു വെക്കുന്നത്. നാലാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി സമഗ്രഗുണതാ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതുവഴി ഓരോ പ്രായത്തിലും കുട്ടികള്‍ നേടേണ്ട കാര്യങ്ങള്‍ നേടുന്നുണ്ട് എന്നുറപ്പാക്കാന്‍ കഴിയും. ആധുനിക രീതിയിലുള്ള പരിശീലനങ്ങള്‍ അധ്യാപകര്‍ക്കു നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.രാമചന്ദ്രന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സി.യം ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.യം കുഞ്ഞിക്കണ്ണന്‍, സ്ഥിരം സമിതി
അദ്ധ്യക്ഷമാരായ ഷിജി കൊട്ടാരക്കല്‍, ശോഭന വൈശാഖ്, ഗ്രാമ പഞ്ചായത്തഗം കെ. മധുകൃഷ്ണന്‍ മാസ്റ്റര്‍, അക്ബര്‍ അമാനി, പി.ഇ.സി കണ്‍വീനര്‍ വി.കെ.ബാബുരാജ് രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ കെ.സി. ബാബുരാജ്, കെ. ടി.ബി കല്‍പ്പത്തൂര്‍, പി.യം പ്രകാശന്‍, സലീം മിലാസ്, സജീവന്‍ കൊയിലോത്ത്, കെ.പി ആലിക്കുട്ടി, പി. കുഞ്ഞിരാമനുണ്ണി എന്നിവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ സ്വാഗതവും, പിടിഎ പ്രസിഡന്റ് സ്വപ്‌നേഷ് എന്‍.കെ.നന്ദി പറഞ്ഞു.