ഔഷധഗുണങ്ങളില്‍ കേമന്‍, കിലോഗ്രാമിന് 300 രൂപ വില; രക്തശാലിയില്‍ വിജയം കൊയ്യാനൊരുങ്ങി മേപ്പയ്യൂരിലെ കൃഷി ഉദ്യോഗസ്ഥർ
മേപ്പയൂർ: മേപ്പയൂരില്‍ രക്തശാലി പുഞ്ച നെൽകൃഷിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മേപ്പയൂർ പാടശേഖരത്തിലെ അത്തിക്കോട്ട് വയലിൽ രക്തശാലി കൃഷി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി ഓഫീസർ ആർ.എ അപർണ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ, കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ എന്നിവരാണ് നെൽകൃഷി ചെയ്യുന്നത്.
ഒരു ഹെക്ടറോളം വരുന്ന വയലിൽ ശാസ്ത്രീയ നെൽകൃഷി പ്രോത്സാഹിപ്പിക്കുകയും രക്തശാലി ഇനത്തിൻ്റെ വിളവ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ രാജവംശങ്ങൾക്കായി വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്നതായി പറയപ്പെടുന്ന നെൽ വിത്തിനമാണ് ‘രക്ത ശാലി’ ഏറെ ഔഷധ ഗുണങ്ങളുള്ള രക്തശാലിയിൽ ക്യാൻസർ കോശങ്ങളെ തടയാനുള്ളവ ഉണ്ടെന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞിട്ടുണ്ട്. നെല്ലിനും അരിക്കും ചുവന്ന നിറമാണ്. നശിച്ചുപോയ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാൻ കഴിയുന്നതിനാൽ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു. ആയുർവേദ മരുന്നുകളിലും രക്തശാലി ഉപയോഗിച്ച് വരുന്നുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ, വാർഡ് മെമ്പർ വി.പി രമ, റാബിയ എടത്തിക്കണ്ടി, ഭൂഉടമസ്ഥൻ ബാബുമാസ്റ്റർ വട്ടക്കണ്ടി, പാടശേഖര സെക്രട്ടറി കെ.കെ മൊയ്തീൻ മാസ്റ്റർ, കാർഷിക വികസന സമിതി അംഗങ്ങളായ എൻ.കെ ചന്ദ്രൻ, ബാബു കൊളക്കണ്ടി, എ.എം ദാമോദരൻ, കാർഷിക കാർമ്മസേന സൂപ്പർവൈസർ ടി.എം സരിത, ടെക്നീഷ്യൻ കെഎം കൃഷ്ണൻ, കൃഷിഭവൻ ഇൻ്റേൺ ഹിബ ഫാത്തിമ എന്നിവർ സംസാരിച്ചു.
Description: Raktasali Puncha rice cultivation has started in Meppayur