“കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ”; പെട്ടി പ്രതിഷേധത്തിനൊപ്പം ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജെബി മേത്തർ


തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശവുമായി രാജ്യസഭാ എംപിയും കോൺ​ഗ്രസ് നേതാവുമായ ജെബി മേത്തർ രംഗത്തെത്തി. പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി “കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ” എന്നെഴുതിയ പോസ്റ്റര്‍ പതിപ്പിച്ച പെട്ടിയുമായാണ് ജെബി മേത്തര്‍ എത്തിയത്. സംഭവം വിവാദമായതോടെ പോസ്റ്ററെഴുത്തിന് വിശദീകരണവും വന്നു കഴിഞ്ഞു. ഭർത്താവിൻ്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദ്ദേശിച്ചത്. കട്ടപണവുമായി പോകാനാണ് മഹിളാ കോൺഗ്രസ് പെട്ടി സമർപ്പിക്കുന്നത്. ഇതിൽ അധിക്ഷേപമില്ല. പ്രതീകാത്മക സമരമാണ് എന്നാണ് വിശദീകരണം. അതോടൊപ്പം മേയർ രാജിവെക്കുന്നത് വരെ മഹിളാ കോൺഗ്രസ് സമരം തുടരുമെന്നും ജെബി മേത്തർ പറഞ്ഞു.

അതേസമയം കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് ബസ് പ്രതിഷേധക്കാര്‍ തടഞ്ഞു. നഗരസഭയുടെ ഗേറ്റ് പ്രതിഷേധക്കാര്‍ പൂട്ടിയതിനെ തുടർന്ന് മറ്റൊരു ഗേറ്റ് വഴിയാണ് വാഹനം കടന്ന് പോയത്.