ഇത് മതസൗഹാര്‍ദ്ദത്തിന്റെ മഹത്തായ മാതൃക! മുട്ടില്‍ യത്തീംഖാനയിലെ കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി പള്ളിയൊരുങ്ങുക നടുവണ്ണൂര്‍ സ്വദേശി രാജഗോപാല്‍ വിട്ടുനല്‍കിയ സ്ഥലത്ത്


നടുവണ്ണൂര്‍: മുട്ടില്‍ യത്തീംഖാനയ്ക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക തീര്‍ക്കുകയാണ് നടുവണ്ണൂര്‍ സ്വദേശി രാജഗോപാല്‍. യത്തീം ഖാനയുടെ കീഴില്‍ പടിഞ്ഞാറത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ മൗണ്ട് പബ്ലിക് സ്‌കൂളിന് സമീപത്തുള്ള തന്റെ ഉടമസ്ഥതയിലെ സ്ഥലത്തു നിന്നാണ് 10 സെന്റ് സ്ഥലം പള്ളി നിര്‍മ്മിക്കുന്നതിനായി രാജഗോപാല്‍ നല്‍കിയത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ യത്തീംഖാനകളില്‍ ഒന്നായ വയനാട് മുട്ടില്‍ യത്തീം ഖാനയുടെ പടിഞ്ഞാറത്തറയിലുള്ള സ്ഥാപനത്തിനാണ് രാജഗോപാല്‍ സൗജന്യമായി സ്ഥലം നല്‍കിയത്. ഇവിടെ കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി പള്ളി നിര്‍മ്മിക്കും.

വയനാട് മുസ്ലിം യത്തീംഖാനയുടെ ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ സ്ഥലത്തിന്റെ രേഖ രാജഗോപാലില്‍ നിന്നും സ്വീകരിച്ചു. കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളി ഇല്ലാത്തതിന്റെ വിഷമം അറിയിച്ചപ്പോള്‍ അതിനുവേണ്ടി നിറഞ്ഞ മനസ്സോടെയാണ് സ്ഥലം നല്‍കിയതെന്ന് രാജഗോപാല്‍ പറഞ്ഞു. പടിഞ്ഞാറത്തറയില്‍ വെച്ച് നടന്ന ചടങ്ങില്‍ യത്തീം ഖാനയുടെ ഭാരവാഹികളും അഭ്യുദയകാംക്ഷികളും ചടങ്ങില്‍ പങ്കെടുത്തു.

നടുവണ്ണൂരിലെ പഴയകാല വ്യാപാരി ശോഭാ നിവാസ് കുഞ്ഞികൃഷ്ണന്‍ നായരുടെ മകനാണ് രാജഗോപാല്‍. കുവൈറ്റില്‍ പ്രവാസിയായി ജോലി ചെയ്ത രാജഗോപാല്‍ അടുത്തിടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് രാജഗോപാലിന്റെ സാന്നിധ്യമുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും കുട്ടിക്കാലം മുതല്‍ തന്നെ പ്രവര്‍ത്തിച്ച പരിചയവും രാജഗോപാലിനുണ്ട്.