ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം മുന്നേറാം; ‘റൈസിംഗ് മണിയൂർ’ പദ്ധതിക്ക് അംഗീകാരം, പുതുപുത്തന്‍ ആശയങ്ങളുമായി തദ്ദേശ സ്ഥാപനങ്ങള്‍


വടകര: മണിയൂർ ഗ്രാമപഞ്ചായത്തിന്റെ ‘റൈസിംഗ് മണിയൂർ’ പദ്ധതിക്ക്‌ ജില്ലാതല വിദഗ്ധസമിതി യോഗത്തില്‍ അംഗീകാരം. വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ പ്രീ-മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ദക്ഷിണേന്ത്യയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്ന പദ്ധതിക്കും യോഗത്തില്‍ അംഗീകാരം ലഭിച്ചു. ദക്ഷിണേന്ത്യയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 വിദ്യാർത്ഥികളെ കൊണ്ടുപോവുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ ചര്‍ച്ച ചെയ്യുന്ന ജില്ലാതല വിദഗ്ധസമിതി യോഗം ചേര്‍ന്ന് എട്ട് പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്‌.

കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ ‘തേൻ മ്യൂസിയം’, കോഴിക്കോട് കോർപ്പറേഷന്റെ ‘വയോജനങ്ങൾക്കുള്ള വാതിൽപ്പടി സേവനം’ എന്നീ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്‌. ജീവിതശൈലീ രോഗങ്ങളിൽ നിന്നും രക്ഷ നേടാനായി സമഗ്ര കായിക പദ്ധതിയായാണ് റൈസിംഗ് മണിയൂർ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി മണിയൂരിലെ 21 വാർഡുകളിലും പ്രഭാത വ്യായാമം ഉൾപ്പടെ കാര്യക്ഷമമാക്കും. പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള വ്യായാമ മുറകളാണ് പ്രഭാത വ്യായാമ വേദികളിൽ പരിശീലിപ്പിക്കുക. നടത്തം, സൈക്ലിംഗ്, യോഗ, ഡാൻസ് എന്നീ വ്യായാമ രീതികൾ ഉൾപ്പടെ പരിശീലിക്കും. ഇതിന് വേണ്ട ഉപകരണങ്ങളും സൗകര്യങ്ങളും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും.

തേൻ മ്യൂസിയം പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തേൻപാറയിൽ സ്ഥാപിതമാകും. ഇവിടെ തേൻ ശേഖരണവുമായി ബന്ധപ്പെട്ട പരമ്പരാഗത സങ്കേതങ്ങളും മാർഗ്ഗങ്ങളും മറ്റും ആളുകൾക്കായി മ്യൂസിയം രൂപത്തിൽ പ്രദർശിപ്പിക്കുകയും കർഷകരുടെ തേൻ ഉൾപ്പെടെയുള്ള സംരംഭങ്ങൾ വിൽക്കുകയും ചെയ്യും.

കോഴിക്കോട് കോർപ്പറേഷന്റെ വാതിൽപ്പടി സേവനം 60 ന് മുകളിൽ പ്രായമുള്ള, കിടപ്പുരോഗികളേയും നിർധനരേയും ഉദ്ദേശിച്ചുള്ളതാണ്. കോഴിക്കോട് ഇംഹാൻസുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ മൊബൈൽ ആംബുലൻസ് മുഖേനയാണ് സേവനം ലഭ്യമാക്കുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ മരുന്ന് വിതരണം, കെയർഗിവേഴ്സിന് പരിശീലനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.

ചാണകം പൊടിച്ച് ജൈവവളമാക്കുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിക്കും അംഗീകാരമായി. യന്ത്രങ്ങൾ ഉപയോഗിച്ചിട്ടാണ് ചാണകം പൊടിച്ച് ജൈവവളമാക്കി മാറ്റുക. തദ്ദേശ സ്ഥാപനങ്ങളുടെത് ഉൾപ്പെടെയുള്ള കാർഷിക പദ്ധതികൾക്ക് ഇങ്ങനെയുള്ള വളം ഉപയോഗിക്കും.

ഫാർമേഴ്സ് പ്രൊഡ്യൂസിങ് സൊസൈറ്റിയിലെ അംഗങ്ങളായ കർഷകർക്ക് അസംസ്കൃത വസ്തുക്കൾ വാങ്ങാനായി ഒരു ലക്ഷം രൂപ റിവോൾവിംഗ് ഫണ്ടിൽനിന്ന് അനുവദിക്കുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിക്കും അംഗീകാരം ലഭിച്ചു.

എൽപി, യുപി വിദ്യാർത്ഥികൾക്കായുള്ള കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘ശാസ്ത്രജാലകം’ പദ്ധതിക്കും അംഗീകാരമായി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും ശാസ്ത്ര അറിവുകൾ എളുപ്പത്തിൽ ഗ്രഹിക്കാനും ഉപകരിക്കുന്ന പദ്ധതിയാണിത്. ഭൂപടത്തിന്റെ വലിയ മാതൃകകളും മൈക്രോസ്കോപ്പിന്റെയും മനുഷ്യ ശരീരത്തിന്റെയും മാതൃകകളും ഉപയോഗിച്ച് ശാസ്ത്രവിജ്ഞാനം പകരുകയാണ് ലക്ഷ്യം. ആകെ 15 പദ്ധതികളാണ് യോഗം പരിഗണിച്ചത്.

കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ ശൈലജ, വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി ഗിരിജ, വളയം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം സുമതി, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

'Raising Maniyur' project approved, local bodies come up with innovative ideas