സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമ സഭയിൽ ഉന്നയിച്ച് കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി; അവധിക്കാല സമാശ്വാസം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി. ഈ വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികളുടെ ശമ്പളം, അവധിക്കാല സമാശ്വാസം എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്.

സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 2024 മാർച്ച് മാസത്തെ ഓണറേറിയം ഇതിനോടകം തന്നെ വിതരണം ചെയ്തു. 2024 ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിക്കാല സമാശ്വാസം വിതരണം ചെയ്യുന്നതിനാവശ്യമായ 5.424 കോടി രൂപ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.


അതേ സമയം ഭക്ഷ്യ പൊതുവിതരണ രംഗത്ത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്ന പ്രമേയം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിയമസഭയിൽ അവതരിപ്പിച്ചു. 2013 ൽ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് നടപ്പാക്കിയതിലൂടെ അതുവരെ 16.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന കേരളത്തിന് ഇപ്പോൾ 14.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്.

അതായത് വിതരണ രംഗത്ത് 2 ലക്ഷം മെട്രിക് ടണ്ണിന്റെ വെട്ടിക്കുറവാണ് സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്നത്. മണ്ണെണ്ണയുടെ കാര്യത്തിലും വലിയ വെട്ടിക്കുറവ് നേരിടുന്നു. പ്രതിവർഷം 912 കോടി രൂപ റേഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ചിലവിടുമ്പോൾ വെറും 86 കോടി മാത്രം ചിലവിടുന്ന കേന്ദ്രം, റേഷൻ ഷാപ്പുകളിൽ മോദിയുടെ സെൽഫി പോയിന്റ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ എം.എൽ.എ പ്രമേയ അവതരണത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ അപലപിച്ചു