മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളുടെ മനോഹര സൃഷ്ടികൾ; വടകര കചികആർട്ട് ഗാലറിയിൽ ‘റെയിൻബോ’ ചിത്ര പ്രദർശനം ആരംഭിച്ചു, പ്രദർശനത്തിലുള്ളത് അൻപതിലധികം ചിത്രങ്ങൾ


വടകര: മൂന്നാംക്ലാസുകാരന്റെ ചിത്രം മുതൽ പ്ലസ്ടു വിദ്യാർത്ഥിയുടെ ചിത്രം വരെ. എല്ലാം ഒന്നിനൊന്ന് മെച്ചം. വളർന്നു വരുന്ന കുഞ്ഞു കലാകാരന്മാരുടെ ഭാവനയിൽ വിരിഞ്ഞ സൃഷ്ടികൾ കാഴ്ചക്കാരന്റെ മനം നിറയ്ക്കുന്നു. വടകര കചിക ആർട്ട് ​ഗാലറിയിൽ കുട്ടികളുടെ ചിത്ര പ്രദർശനം റെയിൻബോ എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

കചിക ആർട് ​ഗാലറിയുടെ നേതൃത്വത്തിൽ പത്രപ്പരസ്യം നൽകിയതിലൂടെ ലഭിച്ച അപേക്ഷകളിൽ നിന്ന് കുട്ടി ചിത്രകാരന്മാരെ തെരഞ്ഞെടുത്തു. ഇങ്ങനെ തെരഞ്ഞെടുത്ത 28 കുട്ടികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് സം​ഘാടകൻ രമേശ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഇവരുടേതായ അൻപത്തിയാറോളം ചിത്രങ്ങളാണ് പ്രദർശനത്തിലൊരുക്കിയത്. വടകരയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടി കലാകാരന്മാണ് ഇവർ. അക്രിലിക് , വാട്ടർ കളർ, പെൻസിൽ ഡ്രോയിംങ് തുടങ്ങിയ മാധ്യമങ്ങളിലുള്ള ചിത്രങ്ങൾ പ്രദർശനത്തിലുണ്ടെന്നും അദ്ധേഹം പറഞ്ഞു.

പ്രശസ്ത കവി വീരാൻകുട്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു. സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി അധ്യക്ഷത വഹിച്ചു. സി.കൃഷ്ണദാസ്, റിയാലിറ്റി ഷോ ഫെയിം ശ്രേയ രമേശ്, രഘു കോലാത്ത്, ശ്രീജിത് വിലാത പുരം എന്നിവർ സംസാരിച്ചു. വടകരയിലെ വിവിധ സ്കൂളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേർ പ്രദർശനം കാണാനെത്തുന്നുണ്ട്. പ്രദർശനം പതിനെട്ടിന് സമാപിക്കും.

Description: ‘Rainbow’ exhibition opens at Vadakara Kachika Art Gallery, more than fifty paintings on display