വേനല്‍ച്ചൂടിന് അല്പം ആശ്വാസമാകും; കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത


കോഴിക്കോട്: പൊള്ളുന്ന ചൂടിന് അല്പം ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്. കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.


അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് 12 ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസര്‍കോടുമൊഴികെയുള്ള ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളി 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

Description: Rain with thunderstorms likely in seven districts including Kozhikode