ദുരിതമഴ; ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളിലും പ്രളയ ഭീതി, ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
ആയഞ്ചേരി : ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളിലും പ്രളയ ഭീതി. എലത്തുരുത്തി, കോതുരുത്തി, വാളാഞ്ഞി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശത്ത് വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റി താമസിപ്പിക്കേണ്ട മുഴുവൻ വീടുകളിലും താമസിക്കുന്ന കുടുംബാഗങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷത നടന്ന അടിയന്തര യോഗത്തിൽ തയ്യാറാക്കി.
ഇവരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റാനാണ് തീരുമാനം. കുടുംബങ്ങളെ തോണിയിലാണ് സുരക്ഷിത സ്ഥലത്തെത്തിക്കുക. റഹ്മാനിയ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് ക്യാമ്പ് തുറക്കുന്നത്. അരതുരുത്തിയിൽ നിലവിൽ കുടുംബങ്ങലെ മാറ്റിത്താമസിപ്പിക്കേണ്ടതിൻ്റെ ആവശ്യഗത ഇല്ലെന്നും എന്നാൽ അടിയന്തര ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിന് വേണ്ടി തോണി തയ്യാറാക്കി നിർത്തണമെന്ന് പ്രസിഡണ്ട് യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡണ്ട് ആയിഷ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വെള്ളിലാട്ട് അഷറഫ്, പി.എം ലതിക, ടി.വി കുഞ്ഞിരാമൻ , വില്ലേജ് ഓഫീസർ മിനി തുങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.