ചൂടിന് ആശ്വാസമാകും; കേരളത്തിൽ ഇന്ന് മുതൽ 5 ദിവസം മഴ തുടരാൻ സാധ്യത
വടകര: ചൂടിന് ആശ്വാസമാകും. സംസ്ഥാനത്ത് ഇന്നു മുതൽ വേനൽ മഴ തുടരും. കേരളത്തിൽ ഇന്ന് മുതൽ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പരമാവധി 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റാടിക്കാനാണ് സാധ്യത.
അതേ സമയം അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന തോതിലാണ്. ഇടുക്കി – മൂന്നാർ, കൊല്ലം -കൊട്ടാരക്കര തുടങ്ങിയ ഇടങ്ങളിൽ യുവി ഇൻഡക്സ് ഉയർന്ന് നിൽക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.
