റെയിൽവേ സ്റ്റേഷൻ വികസനത്തിന് സ്ഥലം വേണം; വടകര ആർ.എം.എസ് ഓഫീസ് ഒഴിയാൻ നോട്ടീസ്


വടകര: വടകര റെയിൽവേ സ്റ്റേഷനുസമീപം റെയിൽവേയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന വടകര ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് ഒഴിയണമെന്ന് റെയിൽവേയുടെ നോട്ടീസ്. റെയിൽവെ വികസനത്തിന് കൂടുതൽ സ്ഥലം ആവശ്യമുന്ന് പറഞ്ഞാണ് ഓഫീസ് ഒഴിപ്പിക്കുന്നത്. റെയിൽവേയുടെ സ്ഥലത്ത് 35 വർഷംമുമ്പ് തപാൽവകുപ്പ് നിർമിച്ചതാണ് ഇപ്പോഴത്തെ ആർ.എം.എസ്. ഓഫീസ്.

വടകര, പേരാമ്പ്ര, മാഹി മേഖലകളിലെ തപാൽനീക്കത്തിന്റെ പ്രധാന ‘കേന്ദ്രമാണിത്. ഇത് പൂട്ടിയാൽ ഈ മേഖലയിലെ തപാൽനീക്കം പ്രതിസന്ധിയിലാകും. അമൃത് ഭാരത് പദ്ധതി പ്രകാരം വടകര സ്റ്റേഷനിൽ വികസനപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ ആർ.എം.എസ്. ഓഫീസ് നിൽക്കുന്ന സ്ഥലം ആവശ്യമായി വന്നിരിക്കുകയാണെന്നാണ് ദക്ഷിണ റെയിൽവേ സീനിയർ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ് കാലിക്കറ്റ് ഡിവിഷൻ സുപ്രണ്ടിന് അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്. പെട്ടെന്നുതന്നെ ഒഴിയണമെന്നാണ് നിർദേശം.

വടകര റെയിൽവേ സ്റ്റേഷനിൽ ആർ.എം.എസ്. ഓഫീസിന് യോജിച്ച പകരംസ്ഥലം ആവശ്യമെങ്കിൽ സീനിയർ ഡിവിഷണൽ എൻജിനിയറെ ബന്ധപ്പെടണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ബദൽസംവിധാനം ഒരുക്കാതെ ഓഫീസ് ഒഴിയാനും കഴിയില്ല. പകരം സ്ഥലം കിട്ടാനുള്ള ശ്രമം ഉടൻ തുടങ്ങണമെന്ന ആവശ്യം ഉയരുന്നുണ്ട്. അല്ലാത്തപക്ഷം ആർ.എം.എസ്. ഓഫീസ് എന്നെന്നേക്കുമായി പൂട്ടേണ്ടിവരുമെന്നാണ് ആശങ്ക.

ഓഫീസ് ഒഴിയുന്നതിനൊപ്പംതന്നെ വാടകയിനത്തിൽ റെയിൽവേക്ക് നൽകാനുള്ള കുടിശ്ശിക അടയ്ക്കാനും നിർദേശമുണ്ട്. സ്ഥലത്തിന് റെയിൽവേക്ക് വാടക നിശ്ചയിച്ചിട്ടുണ്ടെങ്കിലും കുറെക്കാലമായി ഇത് കുടിശ്ശികയാണ്. ഏതാണ്ട് ഒരു കോടി രൂപയ്ക്ക് മുകളിൽ തുക തപാൽവകുപ്പ് വാടകയിനത്തിൽ റെയിൽവെയ്ക്ക് നൽകാനുണ്ടെന്നാണ് വിവരം.

വൻതുക കുടിശ്ശിക ഉള്ളതുകൊണ്ടുതന്നെ ഏതുസമയവും ഓഫീസ് ഒഴിപ്പിക്കപ്പെടാമെന്ന ആശങ്ക നേരത്തെതന്നെ ഉണ്ടായിരുന്നു. ഇപ്പോൾ സ്റ്റേഷൻ വികസനം വന്നതോടെ ആ പേരിൽ റെയിൽവേ സ്ഥലം തിരിച്ചെടുക്കാൻ നടപടിതുടങ്ങി. വാടക കുടിശ്ശികയും ഇതിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് സൂചന. അമൃത് ഭാരത് പദ്ധതിപ്രകാരമുള്ള വികസനപ്രവൃത്തി തുടങ്ങിയപ്പോൾതന്നെ ആർ.എം.എസ്. ഓഫീസിൻ്റെ ഒരുവശത്തെ മതിൽ പൊളിച്ചുനീക്കിയിരുന്നു.