ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് മർദ്ദനം; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ റിമാൻഡിൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. സമാനമായ പരാതിയിൽ നേരത്തെ പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഭക്ഷണത്തിൽ ഉപ്പ് പോരെന്നും രുചിയില്ലെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റത്തിന്റെ പാടുകളുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ യുവതി ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് പോലിസ് രാഹുലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
മാസങ്ങൾക്ക് മുൻപ് യുവതി ഭർത്താവ് രാഹുലിനെതിരെ നൽകിയ സമാനമായ പരാതി കേരളത്തിൽ വലിയ ചർച്ചയായിരുന്നു. പരാതിയിൽ വേണ്ടവിധം നടപടി സ്വീകരിച്ചില്ല എന്ന പേരിൽ പന്തിരങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ വരെ നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് താൻ പരാതി നൽകിയത് വീട്ടുകാരുടെ പ്രേരണയെ തുടർന്നാണെന്നും രാഹുലിനൊപ്പം കഴിയാൻ തന്നെയാണ് താല്പര്യം എന്നും വ്യക്തമാക്കി യുവതി രംഗത്ത് വരികയും പിന്നാലെ ഇരുവരും കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി കേസ് റദ്ദാക്കിയ ശേഷം ഇരുവരും പന്തീരങ്കാവിലെ വീട്ടിൽ വീണ്ടും ഒരുമിച്ചായിരുന്നു താമസം.