സംസ്ഥാനത്ത് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു; ഈ വര്‍ഷം ഇതുവരെയുണ്ടായത് 19 മരണം, വാക്‌സിന്‍ സ്വീകരിച്ചിട്ടും മരണങ്ങള്‍ സംഭവിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു
പേരാമ്പ്ര: തെരുവ് നായകളുടെ കടിയേറ്റ് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ 19 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇന്നലെ കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രി മരണപ്പെട്ടത് പേവിഷബാധയെ തുടര്‍ന്നാണെന്ന സംശയമുണ്ട്. മണ്ണൂത്തിയിലെ ആനിമല്‍ ഹസ്ബന്ററി ലാബിലേക്ക് സ്രവം പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകൂ.
ഒരുമാസം മുമ്പാണ് ചന്ദ്രിയെ റോഡില്‍വെച്ച് തെരുവ് നായ കടിച്ചത്. മുഖത്താണ് കടിയേറ്റത്. ചന്ദ്രി പേവിഷബാധ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല വാക്‌സിന്‍ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ് രോഗി മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇന്ത്യയില്‍ പേവിഷബാധ മൂലം 18000 – 20000 മരണം വരെ സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 30% മുതല്‍ 60% കണ്ടുവരുന്നത് 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് പേവിഷബാധയെക്കുറിച്ച് മതിയായ അറിവില്ലാത്തതിനാല്‍ ഇത്തരം സംഭവങ്ങള്‍ രക്ഷിതാക്കളോടോ മറ്റുള്ളവരോടോ തുറന്നു പറയാതിരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അപകടാവസ്ഥകള്‍ ഏറുന്നത്.
നായയുടെ കടിയേറ്റ് ആദ്യത്തെ 10 – 20 ദിവസത്തില്‍ രോഗിക്ക് ക്ഷീണം, തലവേദന, മനംപിരട്ടല്‍, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. അണുബാധയേറ്റ് 20 – 90 ദിവസത്തിലാണ് വെള്ളത്തിനോടുള്ള ഭയം, ഇരുട്ടിനോടുള്ള ഭയം, വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും തൊണ്ടയില്‍ ബുദ്ധിമുട്ട്, എല്ലാ കാര്യങ്ങളോടും ഭയം എന്നീ രോഗലക്ഷണം പ്രകടമാകുന്നത്.
തെരുവ് നായയുടെ കടിയേറ്റാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വളര്‍ത്തുനായയുടെ കടിയേല്‍ക്കുകയാണെങ്കില്‍ കൃത്യമായ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ള നായ ആണെങ്കില്‍ അണുബാധയുടെ സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും കൃത്യമായ നിര്‍ണ്ണയത്തിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്. വളര്‍ത്തു നായയുടെ കടിയേല്‍ക്കുകയും നായയില്‍ അസാധാരണമായ പെരുമാറ്റ രീതികളില്‍ അടുത്തകാലത്തായി എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ ഉറപ്പായും എത്രയും വേഗം ഡോക്ടറെ സമീപിക്കുകയും നായയെ മൃഗ ഡോക്ടറെ കാണിക്കുകയും വേണം.
നായയുടെ കടിയേല്‍ക്കുകയാണെങ്കില്‍ എത്രത്തോളം അണുബാധ സാധ്യത ഉണ്ടെന്നുള്ളത് മൂന്ന് ആയി തിരിക്കാം. തൊലിപ്പുറമേ നായയുടെ ഉമിനീര്‍ സമ്പര്‍ക്കം വരികയാണെങ്കില്‍ അതില്‍ അപകടസാധ്യത വളരെ കുറവാണ്.
തൊലിപ്പുറമേ ഒരു പോറല്‍ ഉണ്ടാവുകയോ അല്ലെങ്കില്‍ ചെറിയ മുറിവ് ഉണ്ടാവുകയോ, ഈ മുറിവില്‍ നായ നക്കുകയോ, പല്ല് കൊള്ളിക്കുകയോ ചെയ്താല്‍ കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്നു.
ആഴത്തിലുള്ള കടിയേല്‍ക്കുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്യുകയാണെങ്കില്‍ അണുബാധ സാധ്യത വളരെ കൂടുതലാണ്. കയ്യിലോ അല്ലെങ്കില്‍ മുഖത്തോ ഏല്‍ക്കുന്ന കടിയാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. ഇത് വളരെ പെട്ടെന്നു തന്നെ മസ്തിഷ്‌കത്തിലേയ്ക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ സങ്കീര്‍ണ്ണതകളിലേയ്ക്ക് നയിക്കുന്നു.
നായയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും ഇവയെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഫലപ്രദമാകുന്നില്ല. തെരുവ് നായകളെ വന്ദ്യംകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ട്. വന്ദ്യംകരിക്കാനായി എ.ബി.സി കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. എന്നിട്ടും ഇവയുടെ കടിയേറ്റുള്ള അപായങ്ങള്‍ വര്‍ധിക്കുകയാണ്.