“റാബീസ് ഫ്രീ പേരാമ്പ്ര”; പേവിഷബാധയ്ക്കെതിരെ സ്പോട്ട് വാക്സിനേഷനുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര: തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിനേഷൻ നൽകുന്നതിനായുളള ‘റാബീസ് ഫ്രീ പേരാമ്പ്ര’ പദ്ധതിക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പേരാമ്പ്ര മരക്കാടി സ്ക്വയറിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ കലക്ടർ നരസിംഹഗുരി ടി.എൽ. റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ തെരുവ് നായകൾ കൂടുതലായുളള 40 ഹോട്സ്പോട്ടുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹോട്സ്പോട്ടുകൾ പരിശീലനം ലഭിച്ച നായ പിടുത്തക്കാർക്കൊപ്പം സന്ദർശിച്ച് സ്പോട്ട് വാക്സിനേഷൻ നൽകുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പഞ്ചായത്തിലെ തെരുവ് നായക്കളുടെ ആകെ പോപ്പുലേഷനായ 350 ൽ 100 നായകൾക്ക് ഉദ്ഘാടന ദിവസം തന്നെ വാക്സിനേഷൻ നൽകി.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ.എൻ. ഷിജു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.എം. റീന , മിനി പൊൻപറ, യു.സി. ഹനീഫ, കെ.കെ. പ്രേമൻ, അർജുൻ കറ്റയാട്ട്, സത്യൻ, അഡീഷണൽ ഡയറക്ടർ ഡോ. രവി, ഒ.പി. മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വെറ്റിനറി സർജൻ വിജിത, ലൈഫ് സ്റ്റേറ്റ് ഇൻസ്പെക്ടർ ദീപ എന്നിവർ നേതൃത്വം നൽകി.