ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻ സിഇഒ റിമാൻഡിൽ
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ റിമാൻഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഷുഹൈബിനെ റിമാൻഡ് ചെയ്തത്. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
മുൻകൂർ ജാമ്യഹർജി ഹൈകോടതി തള്ളിയതോടെ കഴിഞ്ഞ ദിവസം കോഴിക്കോട് ക്രൈബ്രാഞ്ച് ഓഫിസിലെത്തി ഷുഹൈബ് കീഴടങ്ങുകകയായിരുന്നു. അതേ സമയം ചോദ്യപേപ്പർ അധ്യാപകർക്ക് ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുൽ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് തള്ളി.

ഫഹദ് എന്ന അധ്യാപകൻ മുഖേനയാണ് ചോദ്യം എംഎസ് സൊലൂഷ്യന് ലഭിച്ചത്. ഫഹദും മറ്റൊരു അധ്യാപകനായ ജിഷ്ണുവും റിമാൻഡിലാണ്. അബ്ദുൾ നാസറാണ് ചോദ്യങ്ങൾ ചോർത്തി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.