വീടുകളിൽ ക്യൂ ആര്‍ കോഡ് സ്ഥാപിക്കും, നിരീക്ഷണം മൊബെെലിലൂടെ; ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പിന് പേരാമ്പ്രയിൽ തുടക്കമായി
പേരാമ്പ്ര: അജൈവ മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റം സാധ്യമാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പിന് പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിക്കുന്നതാണ് പദ്ധതി. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള വാർഡ്തല വിവരശേഖരണം, ക്യൂ ആർ കോഡ് പതിക്കൽ എന്നിവയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ നിർവ്വഹിച്ചു.
ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്കരിച്ചതിന്റെ കണക്കുകളും ആപ്പില്‍ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണ, സംസ്കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മനസിലാക്കാന്‍ സാധിക്കും.
പേരാമ്പ്ര പഞ്ചായത്തിലെ 14-ാം വാർഡിലെ പുത്തനിടത്തിൽ താഴെ കുനിയിൽ അമ്മതിന്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശൻ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽകുമാർ, പഞ്ചായത്തംഗങ്ങളായ വിനോദ് തിരുവോത്ത്, കെ.കെ പ്രേമൻ, പി.ജോന, യു.സി. ഹനീഫ, അമ്പിളി, പഞ്ചായത്ത് സെക്രട്ടറി ഷിജു, കെൽട്രോൺ പ്രോജക്ട് ഓഫീസർ സുരേഷ്, ശുചിത്വ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ഷൈനി, വ്യാപാരി വ്യവസായി സമിതി പ്രതിനിധികളായ ഒപി.മുഹമ്മദ്, ഷാജു എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ. എം റീന സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി പൊൻപറ നന്ദിയും പറഞ്ഞു. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾ അവതരിപ്പിച്ച ‘ഭൂമിക്കൊരു ചരമഗീതം’ സംഗീത ശിൽപം അരങ്ങേറി.
Summary: QR code will be installed in the houses, monitoring through mobile; Harithamitram project started in Perampra