പാലേരിയില്‍ കോഴിക്കൂട്ടില്‍ കയറി കോഴിയെ തിന്ന പെരുമ്പാമ്പിനെ പിടികൂടി


പേരാമ്പ്ര: പാലേരിയില്‍ കോഴിക്കൂട്ടില്‍ കയറി കോഴിയെ തിന്ന പെരുമ്പാമ്പിനെ പിടികൂടി. കാഞ്ഞിരക്കടവത്ത് നിജീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്.

പാമ്പുപിടിത്തക്കാരന്‍ കടിയങ്ങാട് സുരേന്ദ്രന്‍ എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കല്ലൂര്‍ പുഴയോരത്ത് മരപ്പൊത്തില്‍ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പാണ് ഇത്.

ദിവസങ്ങള്‍ക്ക് മുമ്പ് പുഴയില്‍ കുളിക്കാനും അലക്കാനും എത്തിയവര്‍ പെരുമ്പാമ്പിനെ കാണുകയും പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടയിരിക്കുന്ന സമയമായതിനാല്‍ മുട്ട വിരിഞ്ഞ ശേഷം പിടികൂടാമെന്ന് പറഞ്ഞ് അധികൃതര്‍ മടങ്ങുകയായിരുന്നു.

തറവട്ടത്ത് ദിവാകരന്‍, ഫൈസല്‍ കാവുള്ളപറമ്പില്‍, മുഹമ്മദ് നടുക്കണ്ടി എന്നിവര്‍ പാമ്പിനെ പിടിക്കാന്‍ സഹായിച്ചു.