ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കും, പിവി അന്‍വര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തി; വിവാദ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ടി.പി.രാമകൃഷ്ണൻ
കോഴിക്കോട്: സിപിഎം നെയും ഗവൺമെണ്ടിനെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള പി.വി.അന്‍വര്‍ എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും.
അന്‍വര്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങള്‍ പറയുന്നത്. പി.വി.അന്‍വര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പാര്‍ട്ടിയുമായി സഹകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചറിയും. തെളിവുകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയ്ക്കും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനുമെതിരെ ആയിരുന്നു പിവി അന്‍വറിന്റെ ആരോപണങ്ങള്‍. എംആര്‍ അജിത്കുമാര്‍ നോട്ടോറിയസ് ക്രിമിനലാണെന്നും അയാള്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നുവെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. അജിത്ത് കുമാറിന്റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുകയാണെന്നും, ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു.
Summary: PV Anwar, an independent stand-in, will verify the allegations; TP Ramakrishnan reacts to the controversial revelation