വയനാട്ടിലേക്ക് ബദല്‍ റോഡ്; പടിഞ്ഞാറത്തറയ്ക്കു പിന്നാലെ സമരവുമായി പൂഴിത്തോടും, റിലേ സമരത്തിനും ഒപ്പുശേഖരണത്തിനും തുടക്കമായി


പെരുവണ്ണാമൂഴി: പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൂഴിത്തോട് അങ്ങാടിയില്‍ സമരം. പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഈ റോഡ്. എന്നാല്‍ വനമേഖലകൂടെ ഉള്‍പ്പെടുന്ന പാതയായതിനാല്‍ ഈ പാതയെ അവഗണിച്ച് മറ്റൊരു റൂട്ട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി റിലേ സമരത്തിനും ഒപ്പുശേഖരണത്തിനും തുടക്കമായി. വരും ദിവസങ്ങളില്‍ സത്യാഗ്രഹ സമരവും സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഒപ്പുശേഖരണ കാമ്പയിന്‍ പൂഴിത്തോട് നടന്ന സര്‍വകക്ഷി യോഗത്തില്‍ ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനംചെയ്തു. ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെ. മുരളീധരന്‍ എം.പി.യെയും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.യും പങ്കെടുപ്പിച്ച് വിപുലമായ യോഗവും പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്.

യോഗത്തില്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സി.കെ. ശശി, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് അപ്പച്ചന്‍ അമ്പാട്ട്, യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ കെ.എ. ജോസുകുട്ടി, കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി മെമ്പര്‍ രാജീവ് തോമസ്, പഞ്ചായത്തംഗം ലൈസ ജോര്‍ജ്, പൂഴിത്തോട് ഇടവക വികാരി ഫാ.ജോസഫ് മണ്ണാഞ്ചേരി, മാത്യു പേഴത്തിങ്കല്‍, അഷ്‌റഫ് കുറത്തിപ്പാറ, ജീമോന്‍ കാഞ്ഞിരത്തിങ്കല്‍, രാജു കടപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

1994-ല്‍ നിര്‍മാണം തുടങ്ങിയ ബദല്‍റോഡ് വനമേഖലയിലൂടെയുള്ള നിര്‍മാണത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പാതി വഴിയില്‍ മുടങ്ങുകയായിരുന്നു. 28 വര്‍ഷമായി പാതയ്ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയില്‍ 20.770 ഹെക്ടറും കോഴിക്കോട് ജില്ലയില്‍ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനംവകുപ്പിന് വിട്ടുനല്‍കിയിട്ടും നിര്‍മാണത്തിന് കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.

ഇതേ ആവശ്യമുന്നയിച്ച് പടിഞ്ഞാറത്തറ മേഖലയില്‍ ഒരുമാസമായി സമരപ്പന്തല്‍ കെട്ടി അനശ്ചിതകാല സമരം നടന്നു വരികയാണ്.

summary: puzhithod area conducted a strike demanding an alternative road to wayanad