പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; തിക്കോടി പുറക്കാട് സ്വദേശിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി


കൊയിലാണ്ടി: പതിനേഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. തിക്കോടി പുറക്കാട് തെക്കേ അച്ചം വീട്ടിൽ മുഹമ്മദലിക്ക് (44) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമ പ്രകാരവുമാണ് ശിക്ഷ. പിഴസംഖ്യയിൽ ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകാനും വിധിയിൽ പറയുന്നു.

2021 ൽ ആണ് കേസിന് ആസ്പദമായ സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയുടെ ഓട്ടോറിക്ഷയിൽ കൂട്ടുകാരിയുടെ വീട്ടിൽ പോവാൻ കയറിയ കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് കുട്ടി ഓട്ടോറിക്ഷയിൽ നിന്ന് എടുത്തു ചാടുകയും കൂട്ടുകാരിയുടെ വീട്ടിൽ ചെന്ന് കാര്യം പറയുകയുമായിരുന്നു.

കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ രാജേഷ് കെ, വടകര ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.