ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിച്ച് പുറമേരി പഞ്ചായത്തും; ദുരന്ത മേഖലകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നൽകി


പുറമേരി: വയനാട്ടിലും വിലങ്ങാടുമുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായവുമായി പുറമേരി പഞ്ചായത്തും. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവർ നൽകിയ അവശ്യ സാധനങ്ങൾ കൽപ്പറ്റയിലെ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കലക്ഷൻ ക്യാമ്പിലേക്ക് എത്തിച്ചു നൽകി.

ആവശ്യ സാധനങ്ങളുമായി പോയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ജ്യോതി ലക്ഷ്മി നിർവ്വഹിച്ചു. വിലങ്ങാട് ക്യാമ്പിലേക്കുള്ള സാധനങ്ങൾ ശനിയാഴ്ച്ച എത്തിക്കുമെന്ന് ജ്യോതി ലക്ഷ്മി പറഞ്ഞു. പെട്ടെന്ന് നൽകിയ അറിയിപ്പിനോട് സഹകരിച്ച മുഴുവൻ ആളുകൾക്കും പ്രസിഡണ്ട് നന്ദി രേഖപ്പെടുത്തി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം.വിജയൻ മാസ്റ്റർ, രവി കൂടത്താങ്കണ്ടി, കെ.കെ.ബാബു, പഞ്ചായത്ത് സെക്രട്ടറി പി.ജി.സിന്ധു, സി.ഡി.എസ് ചെയർപേഴ്സൺ കെ.സ്വപ്ന, ഹെഡ് ക്ലർക്ക് ടി.എം.മൂസ്സ, അസിസ്റ്റൻ്റ് എഞ്ചിനിയർ ടി.സുവീഷ് എന്നിവർ സംബന്ധിച്ചു.