ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ച് പുറമേരി ഗ്രാമപഞ്ചായത്ത്


പുറമേരി: തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഉൽപ്പാദനോപാതികൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുറമേരി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങ് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജ്യോതി ലക്ഷ്മി വി.കെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഫലവൃക്ഷ തൈകൾ, തെങ്ങിൻ തൈകൾ, വിവിധതരം നടീൽ വസ്തുക്കൾ, പച്ചക്കറി വിത്തുകൾ എന്നിവ ചന്തയുടെ ഭാഗമായി വിതരണം ചെയ്തു. നിരവധി കർഷകർ പരിപാടിയിൽ പങ്കെടുത്തു. ഞാറ്റുവേല ചന്തയിൽ പങ്കെടുത്ത മുഴുവൻ കർഷകർക്കും കുരുമുളക് തൈകൾ, പച്ചക്കറി വിത്തുകൾ, വാഴകന്ന് എന്നിവ നൽകി.

വിജിഷ കെ.എം, വി.ടി.ഗംഗാധരൻ, അലിമത് എൻ.കെ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫിസർ രാജീവൻ.വി.വി സ്വാഗതവും കൃഷി അസിസ്റ്റന്റ് പ്രജിത് നന്ദിയും പറഞ്ഞു.