കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ജാമ്യം ലഭിച്ച പൾസർ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി; ജയിലിന് പുറത്ത് മാലയിട്ട് സ്വീകരണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി. കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് പൾസർ സുനി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൾസർ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കനത്ത സുരക്ഷയിലാണ് പൾസർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടുപോയത്. കർശന ഉപാധികളോടെയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കർശന ഉപാധികളാണ് ജാമ്യം വ്യവസ്ഥയിലുള്ളത്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് വിചാരണ കോടതി കേസിൽ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലും സുനിക്ക് ജാമ്യം ലഭിച്ചു.
ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി പത്ത് തവണ ജാമ്യഹർജി നൽകിയതിലെ സാമ്പത്തിക ശ്രോതസ് ആരാണെന്നടക്കം ഒരു ഘട്ടത്തിൽ സിംഗിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. 2017 ജൂൺ 18നാണ് നടിയെ ആക്രമിച്ച കേസിൽ സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പിന്നാലെ ജൂലൈയിൽ ദിലീപിന്റെ അറസ്റ്റുണ്ടായി.