വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളര്‍ച്ചയും ലക്ഷ്യമിട്ട് ‘പുലര്‍കാലം’; കായണ്ണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുലര്‍കാലം പദ്ധതിക്ക് തുടക്കം കുറിച്ചു


കായണ്ണ: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിവര്‍ത്തന പദ്ധതിയായ ‘പുലര്‍കാലം’ പദ്ധതിക്ക് കായണ്ണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം കുറിച്ചു.

വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ‘പുലര്‍കാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. ബിന്‍ഷ, ഗ്രാമ പഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ, പി.ടി.എ പ്രസിഡന്റ് സത്യന്‍, ഹെഡ്മാസ്റ്റര്‍ കെ.വി. പ്രമോദ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് റഷീദ് മാസ്റ്റര്‍ പുലര്‍കാല വായനയും കോ-ഓഡിനേറ്റര്‍ അഭിഷ പദ്ധതി വിശദീകരണവും നടത്തി. പ്രിന്‍സിപ്പല്‍ ഇ.കെ. ഷാമിനി സ്വാഗതം പറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗം കോ-ഓഡിനേറ്റര്‍ ഒ.സി. ബൈലിമ നന്ദി പറഞ്ഞു.