പുലപ്രക്കുന്നിലെ അനധികൃത ഖനനം; ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാംവാര്‍ഡില്‍പ്പെട്ട പുലപ്രക്കുന്നില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്തു. പുലപ്രക്കുന്നില്‍ നിന്നും മണ്ണ് ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് പരിസരവാസികള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പ് വരുത്തണമെന്ന പ്രമേയം ഗ്രാമസഭ പാസ്സാക്കി. മഞ്ഞക്കുളം വി.ഇ.എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമരസമിതി ഭാരവാഹി രവീന്ദ്രന്‍ വള്ളില്‍ പ്രമേയം അവതരിപ്പിച്ചു. മെമ്പര്‍ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഖനനം പ്രദേശത്തിന്റെ പരിസ്ഥിതി സംതുലനം തകര്‍ക്കുമെന്നും കുടിവെള്ള ക്ഷാമത്തിന് ഇടയാക്കുമെന്നും ജനങ്ങള്‍ക്ക് അഭിപ്രായപ്പെട്ടു.

പ്രദേശത്ത് വഗാഡ് കമ്പനിയാണ് അനധികൃതവും അശാസ്ത്രീയവുമായ മണ്ണ് ഖനനം നടത്തി വരുന്നത്. ഇതിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഇതിനോടകം പ്രദേശത്ത് നടന്നുവരികയാണ്. മണ്ണ് ഖനനം ചെയ്യുന്നതിനായിവ്യക്തമായ നിര്‍ദ്ദേശങ്ങളും ജിയോളജി വകുപ്പ് നല്‍കിയ അനുമതിയും ലംഘിച്ചു കൊണ്ട് നടത്തിയിരുന്ന ഖനനം ഹൈക്കോടതി ഇടപെലിന്റെ ഭാഗമായി തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോൾ.

20ഓളം കുടുംബങ്ങള്‍ താമസിക്കുന്ന സാംബവക്കോളനി, ആയുര്‍വേദ ഡിസ്പന്‍സറി, അംഗന്‍വാടി, സിറാജുല്‍ഹുദ സ്‌കൂള്‍ എന്നിവ ഈകുന്നിന്റെ പരിസരത്ത് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഈ കുന്നിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള എരവട്ടുകണ്ടി ശങ്കരന്റെ വീട് പൂര്‍ണ്ണമായും നശിച്ചുപോയ സംഭവവും ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ കെ.പി സംബന്ധിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.കെ ശശിധരന്‍ സ്വാഗതവും ജനകീയസമരസമിതി കണ്‍വീനര്‍ സിബിലചന്ദ്രന്‍ നന്ദിയും പറഞ്ഞു.