‘നാട്ടിൽ മീൻ വില്പനയായിരുന്നു, കുറച്ചായി ജോലിക്ക് പോകാറില്ല, ഒരു പാവം മനുഷ്യനായിരുന്നു’; മന്തരത്തൂരിൽ കിണറിൽ മരിച്ച പുതുക്കുടി മൂസയ്ക്ക് വിട നൽകി നാട്


മണിയൂർ: നാട്ടിൽ ബക്കറ്റിൽ മീൻ കൊണ്ട് നടന്ന് വില്പനയായിരുന്നു മൂസയുടെ ജോലി. ഇടയ്ക്ക് വീണ് പരിക്ക് പറ്റിയതിനെ തുടർന്ന് കുറച്ചായി ജോലിക്ക് പോകാറില്ലെന്ന് മന്തരത്തൂർ വാർഡം​ഗം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഒരു പാവം മനുഷ്യനായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും മെമ്പർ ഷഹബത്ത് ജൂന വ്യക്തമാക്കി.

മന്തരത്തൂരിൽ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പുതുക്കുടി മൂസയ്ക്ക് നാട് വിട നൽകി. ഖബറടക്കം എളമ്പിലാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഇന്ന് ഉച്ചയോടെയാണ് മൂസയെ മന്തരത്തൂർ യുപി സ്കൂളിന് സമീപത്തെ ആൾമറയില്ലാത്ത കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ മുടി മുറിക്കാനെന്ന് പറഞ്ഞാണ് മൂസ വീട്ടിൽ നിന്ന് ഇറങ്ങിയത്. സാധാരണ വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയാൽ സമീപത്തെ ബന്ധുവീടുകളിലൊക്കെ പോയി ഉച്ചയോടെയാണ് വീട്ടിൽ മടങ്ങിയെത്താറെന്ന് മെമ്പർ പറഞ്ഞു. കിണറ്റിൽ മൃതദേഹം കണ്ടതായി നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകര പോലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം കിണറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സിജേഷ്, ബബീഷ്, മുനീർ, അനിത് കുമാർ, സത്യൻ എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.