80 വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും, മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കണം; കിനാലൂരില്‍ എയിംസിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു


ബാലുശ്ശേരി: എയിംസിനുവേണ്ടി കിനാലൂരില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സംസ്ഥാനവ്യവസായ വകുപ്പിന്റെ കൈവശമുള്ള 153 ഏക്കർ ഭൂമിയും കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യഭൂമിയുമാണ് എയിംസിനായി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

കാറ്റാടി, ഏഴുകണ്ടി, കൊയലാട്ടുമുക്ക്, കുറുമ്പോയില്‍, ചാത്തന്‍വീട്, പയറ്റുകാല എന്നീ പ്രദേശങ്ങളിലെ 34 സര്‍വേ നമ്പറുകളിലായാണ് സ്ഥലം വ്യാപിച്ചുകിടക്കുന്നത്. 175ഓളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. 80 വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏഴു കെട്ടിടങ്ങള്‍, 96 കിണറുകള്‍, മൂന്നു കുളങ്ങള്‍, കാറ്റാടിപ്പുഴ, മദ്റസ ഹാള്‍, ഗുളികന്‍ തറ, മൂന്ന് പൈപ്പ് ലൈന്‍ എന്നിവ ഈ ഭൂമിയിലുണ്ട്. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കിയാലേ ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സ്ഥലങ്ങളിലായി ഏഴ് കെട്ടിടങ്ങളും 96 കുടിവെള്ള കിണറുകളും കുടിവെള്ള വിതരണത്തിനായുള്ള മൂന്ന് പൈപ്പ് ലൈനും മൂന്ന് കുളങ്ങളും കാറ്റാടി പുഴയും ഏറ്റെടുക്കേണ്ട ഭൂമിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മലയോരമേഖലയായതിനാൽ ആവാസവ്യവസ്ഥയെ ബാധിക്കാത്തവിധം നിർമാണപ്രവർത്തനങ്ങൾ നടത്തണമെന്നും പുഴ മലിനമാകാതെ പരിപാലിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പൊതുജനങ്ങൾക്കും സർക്കാരിനും ഗുണം ലഭിക്കുന്ന പദ്ധതിയായതിനാൽ എയിംസ് വരുന്നതിലൂടെ കിനാലൂർ മേഖലയ്ക്കും കാര്യമായ നേട്ടങ്ങൾ ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പൊതുചർച്ച 29-ന് നടക്കും. കണ്ണൂർ ഇരിട്ടി ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജാണ് സാമൂഹികാഘാത പഠനം നടത്തിയത്.

എയിംസിനുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഭൂരിഭാഗവും സർക്കാരിന്റെ കൈവശമുള്ളതും ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ കൈവശക്കാർ പദ്ധതിക്ക് അനുകൂലമായതും രൂക്ഷമായ ആഘാതം ഇല്ലാത്തതും കിനാലൂരാണ് എയിംസിന് യോജിച്ച സ്ഥലമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. എയിംസ് സ്ഥാപിക്കുന്നതിനുവേണ്ടി കണ്ടെത്തിയ ഭൂമിയിൽ ഏറെയും മലനിരകളായതിനാൽ മലമേഖലയ്ക്ക് ദോഷംവരാത്ത തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളാണ് നടക്കേണ്ടതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട് ഒറ്റനോട്ടത്തിൽ അനുകൂലമാണെങ്കിലും കൂടുതൽ പഠിച്ചാൽ മാത്രമേ പ്രതികരിക്കാൻ കഴിയുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Summary: published Social impact study report on acquisition of private land for AIIMS in Kinalur