സൗജന്യയാത്ര ജനങ്ങള്‍ ഏറ്റെടുത്തു; ജനകീയ സര്‍വ്വീസ് മാട്ടനോടിന്റെ 12ാം വാര്‍ഷിക യാത്രയില്‍ പങ്കുചേര്‍ന്നത് ഇരട്ടിയിലേറെപ്പേര്‍


കായണ്ണ: ജനകീയ ബസ് സര്‍വ്വീസ് മാട്ടനോടിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഏകദിന സൗജന്യ യാത്ര ജനങ്ങള്‍ ഏറ്റെടുത്തു. ഇന്ന് റൂട്ടില്‍ നടത്തിയ ഏഴ് ട്രിപ്പുകളില്‍ സഞ്ചരിക്കാനെത്തിയത് ഇരട്ടിയിലേറെപ്പേര്‍. ജനകീയ സര്‍വ്വീസ് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഈ യാത്ര കൊണ്ട് സാധിച്ചുവെന്നും ഇനിയും മുന്നോട്ടുള്ള സര്‍വ്വീസിന് ഈ യാത്ര മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

സാധാരണ ദിവസങ്ങളില്‍ 300നും 400 ഇടയില്‍ യാത്രക്കാരാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ഇന്ന് 685 പേര്‍ യാത്ര ചെയ്തു. കൂടുതല്‍ പേരിലേക്ക് ജനകീയ സര്‍വ്വീസ് എത്തിക്കാന്‍ കഴിഞ്ഞത് ഈ യാത്രയുടെ നേട്ടമാണ്.

സൗജന്യ യാത്ര പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ നൂര്‍ മുഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ എന്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ ഗീത ആശംസയര്‍പ്പിച്ചു.

യോഗത്തില്‍ കെ.എം രവീന്ദ്രന്‍ സ്വാഗതവും വി.പി ഷാജി നന്ദിയും പറഞ്ഞു.