പി.കെ ദിവാകരനെ സി.പി.എം ജില്ല കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ പരസ്യ പ്രതിഷേധം; മണിയൂരിൽ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി


വടകര: വടകരയിൽ വെച്ചു നടന്ന സിപിഐ.എം ജില്ലാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ല കമ്മറ്റിയിൽ നിന്നും പി.കെ.ദിവാകരനെ ഒഴിവാക്കിയതിനെതിരെ അണികളിൽ രോഷം പുകയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന പ്രതിഷേധങ്ങൾ ഇന്ന് മറനീക്കി പുറത്തുവന്നു. മണിയൂർ തുറശ്ശേരി മുക്കിലാണ് നാൽപ്പതോളം പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്.

പി.കെ.ദിവാകരൻ്റെ സ്ഥലമാണ് പ്രതിഷേധ പ്രകടനം നടന്ന മണിയൂർ. അപ്രതീക്ഷിതമായാണ് പുതിയ ജില്ല കമ്മറ്റിയിൽ നിന്നും പി.കെ.ദിവാകരനെ ഒഴിവാക്കിയ തീരുമാനം ഉണ്ടായത്. ജില്ലയിലെ തന്നെ അറിയപ്പെടുന്ന പ്രാസംഗികനും ജനകീയനുമായ നേതാവായാണ് പി.കെ.ദിവാകരൻ അറിയപ്പെടുന്നത്. സമ്മേളനത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചുമുളള പ്രതികരണങ്ങൾ നിറഞ്ഞിരുന്നു.

വടകരയിലെ സംഭവ വികാസങ്ങൾ നാളെ ചേരാനിരിക്കുന്ന സി.പി.ഐ.എം ജില്ല കമ്മറ്റിയിൽ ചർച്ചയാകാനാണ് സാധ്യത. നേരത്തെ ജില്ല കമ്മറ്റി അംഗമായതിനാൽ ദിവാകരനെ ഏരിയ കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോൾ ജില്ല കമ്മറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ ദിവാകരൻ്റെ പുതിയ പ്രവർത്തന ഘടകം ജില്ല കമ്മറ്റി തീരുമാനിക്കേണ്ടതുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദിവാകരനെ വടകര ഏരിയ കമ്മറ്റിയിൽ ഉൾപ്പെടുത്തുമോ മറ്റേതെങ്കിലും ഘടകത്തിലേക്ക് മാറ്റുമോ എന്നാണ് അറിയാനുള്ളത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും സിപിഎം വടകര ഏരിയ സെക്രട്ടറിയായും തിളങ്ങിയ നേതാവാണ് പി. കെ.ദിവാകരൻ. പ്രായപരിധിയോ അച്ചടക്ക നടപടിയോ ഏതാണ് കാരണമെന്ന ചോദ്യമാണ് കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അണികൾ ഉയർത്തുന്നത്.

വടകരയിലെ സിപിഎമ്മിന്റെ ഉജ്വലനായ പ്രഭാഷകനായാണ് പി.കെ.ദിവാകരൻ അറിയപ്പെടുന്നത്. കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിന് കഴിവുള്ള നേതാവ്. തെരഞെടുപ്പ് സമയങ്ങളിൽ ഓടി നടന്ന് പ്രസംഗിക്കുന്നയാൾ. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനും സുഹൃത്തും നാട്ടുകാരനും മണിയൂർ പഞ്ചായത്ത് പ്രസിഡൻറുമായ ടി.കെ.അഷ്റഫ് ഈ കഴിഞ്ഞ വടകര ഏരിയ സമ്മേളനത്തിൽ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. അഷറഫിനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പി.കെ.ദിവാകരൻ തയ്യാറായില്ലെന്നതാണ് വലിയ കുറ്റമായി പാർട്ടി കാണുന്നതെന്നാണ് അണിയറ വർത്തമാനം.

ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പേര് അടങ്ങിയ പാനൽ സെക്രട്ടറി അവതരിപ്പിച്ചപ്പോൾ പി.കെ.ദിവാകരനെ ഒഴിവാക്കിയത് സംബന്ധിച്ച് വിശദീകരണം പോലും ഉണ്ടായില്ലെന്നാണ് വിവരം. ചോദ്യവും ഉയർന്നില്ല. പി.കെ. ദിവാകരനെ ഒഴിവാക്കിയതു പോലെ വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി.ബിന്ദു ജില്ലാ കമ്മിറ്റിയിൽ എത്തിയതും സോഷ്യൽമീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്. ലോക്കൽ കമ്മിറ്റി അംഗം മാത്രമായിരുന്ന കെ.പി.ബിന്ദുവിന് ഡബിൾ പ്രമോഷനാണ് കിട്ടിയത്. ഈ കഴിഞ്ഞ ഏരിയ സമ്മേളനത്തില്ലാണ് ബിന്ദു ഏരിയ കമ്മറ്റിയിൽ എത്തിയത് പിന്നാലെ അപ്രതീക്ഷിതമായി ജില്ലാ കമ്മിറ്റിയിലുമെത്തി.

Summary: Public protest against removal of PK Divakaran from CPM district committee; In Maniyur, around 40 activists took to the streets in protest