‘ഇത് അഭിമാന നിമിഷം’; രാജ്യസഭ നടപടികള്‍ നിയന്ത്രിച്ച് പയ്യോളിക്കാരുടെ സ്വന്തം പി.ടി.ഉഷ (വീഡിയോ കാണാം)


ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്റെ അഭാവത്തില്‍ രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യന്‍ താരം പി.ടി.ഉഷ. രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അവധിയായതിനാലാണ് ഉപാധ്യക്ഷ പാനലിലുള്ള ഉഷ സഭ നിയന്ത്രിച്ചത്.

സഭ നിയന്ത്രിച്ചതിന്റെ ഹ്രസ്വ വീഡിയോ ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയില്‍ നാഴികക്കല്ലുകള്‍ തീര്‍ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു.

ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ് പറഞ്ഞ വാക്കുകള്‍ രാജ്യസഭാ സെഷന്‍ നിയന്ത്രിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നു. അധികാരമുള്ളവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തവുമുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് എന്റെ മനസിലേക്ക് ഓടി വന്നത്. ജനങ്ങള്‍ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തോടെ ഈ യാത്രയില്‍ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഉഷ തന്റെ ട്വീറ്റില്‍ പറഞ്ഞു.

രാജ്യസഭയുടെ ഉപാധ്യക്ഷ പാനലില്‍ ഡിസംബറിലാണ് ഉഷ എത്തിയത്. ചെയര്‍മാനും ഡെപ്യൂട്ടി ചെയര്‍മാനും ഇല്ലാത്തപ്പോള്‍ സഭാ നടപടികള്‍ നിയന്ത്രിക്കാനാണ് ഉപാധ്യക്ഷന്‍മാരുടെ പാനല്‍. ആ പാനലിലെ ആദ്യത്തെ നാമനിര്‍ദേശം എം.പിയായ ഉഷയുടെതായിരുന്നു.

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗത്തെ വൈസ് ചെയര്‍മാന്‍മാരുടെ പാനലിലേക്ക് നിയോഗിക്കുന്നത് ഇതാദ്യമായാണ്. അതു കൊണ്ട് തന്നെ ആദ്യമായി രാജ്യസഭ നിയന്ത്രിച്ച നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമെന്ന ബഹുമതി ഉഷയ്ക്ക് സ്വന്തം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട പി.ടി.ഉഷ എം.പി ഈ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു.

വീഡിയോ കാണാം: