വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ധർണാ സമരവുമായി യൂത്ത് കോൺ​ഗ്രസ്


വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച വൈകീട്ട് യൂത്ത്കോൺ​ഗ്രസ് ധർണ സംഘടിപ്പിക്കും. റെയിൽവേ വികസനത്തിന്റെ പേരിൽ ആർ എം എസ് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ധർണാ സമരം സംഘടിപ്പിക്കുന്നത്.

ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർ.എം.എസ്. ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. ആർ.എം.എസ്. വിഭാഗം മാറ്റി സ്ഥാപിക്കുന്നതിന് റെയിൽവേ ഡിവിഷണൽ എൻജിനിയർക്ക് പകരം സ്ഥലമാവശ്യപ്പെട്ട് കത്തയച്ചെങ്കിലും റെയിൽവേ ഇത് നിരസിച്ചു.

അമൃത് ഭാരത് പദ്ധതിപ്രകാരം വലിയ വികസനം നടക്കുന്ന വടകര സ്റ്റേഷനിലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്താണ് ആർ.എം.എസ്. ഓഫീസുള്ളതെന്നും എത്രയുംപെട്ടെന്ന് ഇത് ഒഴിയണമെന്നുമാണ് പുതിയ നിർദേശം. ഓഫീസ് മാറ്റിസ്ഥാപിക്കാൻ യോജിച്ച കെട്ടിടം റെയിൽവേ സ്റ്റേഷനിലില്ല.