‘ജനങ്ങളെ ദ്രോഹിക്കുന്ന റെയിൽവേയുടെ നടപടികൾ അവസാനിപ്പിക്കുക’; പാർക്കിംഗ് ഫീസ് വർദ്ധനവില്‍ പ്രതിഷേധം ശക്തം, വടകര റെയിൽവേ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ച്‌


വടകര: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത് പ്രതിഷേധിച്ചു.

സാധാരണക്കാരെ ദ്രോഹിക്കുന്ന റെയിൽവേയുടെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും, ട്രെയിൻ യാത്രക്കാർ ഒരു മാസം ഏകദേശം 900 രൂപയോളം പാർക്കിങ് ഫീസായി വടകര റെയിൽവേ സ്റ്റേഷനിൽ നൽകേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ബവിത്ത് മലോൽ പറഞ്ഞു. വികസനത്തിന്റെ പേര് പറഞ്ഞ് സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന റെയിൽവേയുടെ ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിൻ അധ്യക്ഷത വഹിച്ചു. കാവിൽ രാധാകൃഷ്ണൻ, മുഹമ്മദ് മിറാഷ്, ബബിൻ ലാൽ, പ്രബിൻ പാക്കയിൽ, ശ്രീനാഥ്. ജി, ദിൽരാജ് പനോളി, റയീസ് കോടഞ്ചേരി, കാർത്തിക് ചോറോട്, ഷോണ. പി. എസ് എന്നിവർ സംസാരിച്ചു. പി.ടി.കെ നജ്മൽ, വി.കെ അനിൽ കുമാർ, സഹീർ കാന്തിലാട്ട്, സഫയർ, ജിബിൻ കൈനാട്ടി, സിജു പുഞ്ചിരിമിൽ എന്നിവർ മാര്‍ച്ചിന്‌ നേതൃത്വം നൽകി.

Description: Protest over parking fee hike; Youth Congress March to Vadakara Railway Station