പലേരി സ്വദേശിയായ പെട്രോള്‍ പമ്പുടമയില്‍നിന്ന്പണപ്പിരിവു നടത്തിയ സംഭവം; ബി.ജെ.പി മണ്ഡലം പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം


പേരാമ്പ്ര: പെട്രോള്‍ പമ്പുടമയില്‍നിന്ന് പണപ്പിരിവു നടത്തിയ സംഭവത്തില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റിനെ നടപടിയില്‍ നിന്നൊഴിവാക്കിയതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം. സംഭവത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രാഘവനെയും വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലിലിനെയും ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

പണപ്പിരിവു സംബന്ധിച്ച ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത മണ്ഡലം കമ്മിറ്റി യോഗത്തില്‍ അതിക്രമിച്ചുകയറിയ പന്ത്രണ്ടോളം പ്രവര്‍ത്തകര്‍ അഴിമതിക്കും അനധികൃത പണപ്പിരിവും നടത്തിയതിനെതിരെ ബഹളംവച്ചിരുന്നു. പിന്നീട് കൂട്ടത്തല്ലായി. യോഗത്തില്‍ അതിക്രമിച്ചുകയറിയവര്‍ സാമൂഹ്യവിരുദ്ധരാണെന്നായിരുന്നു നേതൃത്വം വിശദീകരിച്ചത്. ഇവരെ പാര്‍ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതടക്കുള്ള നടപടി സ്വീകരിക്കാനും ജില്ലാ കോര്‍ കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശചെയ്തിട്ടുണ്ട്.

പേരാമ്പ്രക്കടുത്ത് മൂരികുത്തിയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്ന പാലേരി സ്വദേശി പ്രജീഷില്‍നിന്നാണ് പലതവണയായി ബി.ജെ.പി മണ്ഡലം നേതാക്കള്‍ ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയത്. തണ്ണീര്‍ത്തടം നികത്തി പമ്പ് സ്ഥാപിക്കുന്നതിനെതിരെ കല്ലോട്ടെ ബിജെപി പ്രവര്‍ത്തകര്‍ സമരം പ്രഖ്യാപിച്ചതോടെ ഇവരെ പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ വീണ്ടും ഒന്നരലക്ഷം രൂപകൂടി ആവശ്യപ്പെട്ടു.

ഇതെല്ലാം മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബിജെപി മണ്ഡലം കമ്മിറ്റി അംഗവുമായ പമ്പുടമ ദൃശ്യങ്ങളും സംഭാഷണവുമടക്കം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. ഇതോടെ പ്രവര്‍ത്തകര്‍ മണ്ഡലം നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഇപ്പോള്‍ കോഴ വിവാദത്തിലെ പ്രമുഖനെ നടപടിയില്‍നിന്നൊഴിവാക്കിയതിലും അനധികൃത പണപ്പിരിവ് ചോദ്യംചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാനുമുള്ള നീക്കത്തിലുമാണ് പ്രവര്‍ത്തകരില്‍ പ്രതിഷേധമുയരുന്നത്.

summary: protest over not taking action against BJP constituency president in case of money collection