ബിനീഷിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാക്കൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്; ആള്‍ക്കൂട്ട മര്‍ദ്ദനമാരോപിച്ച് കുടുംബം
കോഴിക്കോട്: കൊളത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബിനീഷിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാര്‍. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കാക്കൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ആള്‍ക്കൂട്ടം മര്‍ദ്ദനം മൂലമാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബിനീഷിന്റെ ദേഹത്തെ മുറിവുകള്‍ വീഴ്ചയില്‍ പറ്റിയതാണെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ പാടുകളില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ ബിനീഷിന്റെ മരണം ആസൂത്രിതമായ ആള്‍ക്കൂട്ട കൊലപാതകമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് കാരണമെന്നുമുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.
മാര്‍ച്ച് 25 ന് കരിയാത്തന്‍ കോട്ട ക്ഷേത്രത്തിന് സമീപം അബോധാവസ്ഥയില്‍ കണ്ട ബിനീഷ് 28ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചൊത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
സാമൂഹിക പ്രവര്‍ത്തകരായ സി.ആര്‍. നീലകണ്ഠന്‍, ഗ്രോവാസു എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പ്രതികളെ സഹായിക്കാന്‍ വ്യാജമായി നിര്‍മ്മിച്ചതെന്നാണ് ബിനീഷിന്റെ ബന്ധുക്കളുടെ ആരോപണം.