അശാസ്ത്രീയമായ ഉപഗ്രഹ സര്‍വേയിലൂടെ മലയോര ജനതയെ പാടെ അങ്കലാപ്പിലാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറത്തുവിട്ട ബഫര്‍ സോണ്‍ മാപ്പിംഗ് ഏറെ അപാകത നിറഞ്ഞതെന്ന് കേരള കര്‍ഷക അതിജീവന സംയുക്ത സമിതി; ചക്കിട്ടപാറയില്‍ ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ മാപ്പ് കത്തിച്ച് പ്രതിഷേധം


ചക്കിട്ടപാറ: ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്ത് വിട്ട ഉപഗ്രഹ സര്‍വേ മാപ്പ് കത്തിച്ച് ചക്കിട്ടപാറയില്‍ പ്രതിഷേധം. കര്‍ഷക സംഘടനയായ കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകരുടെ വന്‍ പ്രതിഷേധം.

അശാസ്ത്രീയമായ ഉപഗ്രഹ സര്‍വേയിലൂടെ മലയോര ജനതയെ പാടെ അങ്കലാപ്പിലാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറത്തുവിട്ട ബഫര്‍ സോണ്‍ മാപ്പിംഗ് ഏറെ അപാകത നിറഞ്ഞതാണെന്ന് കേരള കര്‍ഷക അതിജീവന സംയുക്ത സമിതി ചക്കിട്ടപാറ മേഖല ഘടകം അഭിപ്രായപ്പെട്ടു. ജനവാസ മേഖലയെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ മാപ്പ് സാധാരണ ജനങ്ങള്‍ക്ക് വായിച്ച് മനസിലാക്കാന്‍ കഴിയുന്നതല്ല. അതിനെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ കേവലം പത്ത് ദിവസത്തിനുള്ളില്‍ അയക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇത് വളരെ ചുരുങ്ങിയ സമയമാണ്. പരാതികള്‍ അയക്കാനുള്ള സമയം നീട്ടണമെന്നും കാസ് ചക്കിട്ടപാറ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ബഫര്‍ സോണ്‍ മാപ്പ് ജനങ്ങള്‍ക്ക് വേണ്ടി കാസ് ജില്ലാ കണ്‍വീനര്‍ ബോണി ജേക്കബ് ആനത്താനത്ത് വിശദീകരിച്ചു. മേഖലാ കണ്‍വീനര്‍ ബാബു കൂനംതടം, കാസ് നേതാക്കളായ ബാബു പുതുപ്പറമ്പില്‍, ഷാജു മാളിയേക്കല്‍, തോമസ് ആനത്താനം, ജോണ്‍സണ്‍ കക്കയം, ബേബി വട്ടോട്ടുതറപ്പേല്‍, തോമസ് വെളിയംകുളം, സെമിലി അറയ്ക്കപ്പറമ്ബില്‍, ബിജു പനമറ്റം, ജോയി തീക്കുഴിവേലില്‍ എന്നിവര്‍ സംസാരിച്ചു.