‘സിൽവർ ലൈനിനെതിരെയുള്ള സമരപരമ്പരകൾ കേരളം കാണാൻ പോകുന്നതെയുള്ളൂ’; കേന്ദ്ര റെയിൽവേ മന്ത്രിയുടെ കെ.റെയിൽ അനുകൂല പ്രതികരണത്തിനെതിരെ അഴിയൂരിൽ പ്രതിഷേധം


അഴിയൂർ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ കെ റെയിൽ അനുകൂല പരാമർശത്തോടെ നിർജീവമായിരുന്ന സിൽവർ ലൈൻ സമരം വീണ്ടും ശക്തമാക്കാൻ സമരസമിതിയുടെ തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമ പ്രവർത്തകരോട് വ്യകതമാക്കിയിരുന്നു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കെ റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അഴിയൂരിലെ മുക്കാളി ടൗണിൽ സമരസമിതി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. കുടിയൊഴിപ്പിക്കപ്പെടുന്ന നിരവധി പേർ പ്രതിഷേധ പ്രകടനത്തിൽ അണിചേർന്നു.

പ്രതിഷേധ പ്രകടനത്തിന് ശേഷം ചേർന്ന യോഗത്തിൽ സമരസമിതി അഴിയൂർ മേഖല ചെയർമാൻ ചെറിയകോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സിൽവർ ലൈൻ വിരുദ്ധ സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം ടി.സി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഹംസ അഴിയൂർ സ്വാഗതം പറഞ്ഞു. സിൽവർ ലൈനിനെതിരെ ഇതേവരെ നടന്ന സമരങ്ങൾ പോലെയല്ല ഇനിയാണ് സമര പരമ്പരകൾ കേരളം കാണാൻ പോകുന്നതെന്നും യാതൊരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.

പ്രതിഷേധ യോഗത്തിൽ പി.കെ.കോയ, നസീർ വീരോളി, അഹമ്മദ് അത്താണിക്കൽ, ഇഖ്ബാൽ അഴിയൂർ, വിജയൻ.കെ.പി, ഹംസ എരിക്കിൽ, രാജൻ തീർത്ഥം, രവീന്ദ്രൻ അമൃതംഗമയ, കെ.വി.ബാലകൃഷ്ണൻ, സ്മിത സരയു, രമ കുനിയിൽ, എം.കെ.ആരിഫ, സജ്ന.സി.കെ, ഷിമി അഴിയൂർ എന്നിവർ സംസാരിച്ചു.

Summary: ‘Kerala is only going to see series of strikes against Silver Lyle’; Protest in Azhiyur against Union Railway Minister’s pro-Krail response