പാലിയേറ്റീവ് നഴ്സിന്റെ വേതനം തടഞ്ഞു വെക്കൽ, വനിതാ മെമ്പർമാർക്ക് നേരെയുള്ള കയ്യേറ്റം; തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വീണ്ടും എൽ ഡി എഫ് മെമ്പർമാരുടെ പ്രതിഷേധം


തിരുവള്ളൂർ : തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽ ഡി എഫ് മെമ്പർമാരുടെ പ്രതിഷേധം. പഞ്ചായത്ത്‌ പാലിയേറ്റീവ് നഴ്സ് ശുഭയുടെ വേതനം അകാരണമായി തടഞ്ഞുവെച്ചതിലും പഞ്ചായത്ത്‌ ഹാളിൽ രണ്ട് ദിവസം മുൻപ് നടന്ന കളിക്കളം ജനകീയ സമിതി യോഗത്തിനിടെ എൽ ഡി എഫ് വനിതാ മെമ്പർമാരായ ടി വി സഫീറ, രമ്യ പുലക്കുന്നുമ്മൽ എന്നിവർക്കെതിരെ വൈസ് പ്രസിഡണ്ട്‌ ന്റെ നേതൃത്വത്തിൽ നടന്ന കയ്യേറ്റത്തിലും മർദ്ദനത്തിനും എതിരെയാണ് പ്രതിഷേധിച്ചത്.

വേതനം തടഞ്ഞ് വച്ച പരാതിയുമായി ശുഭ കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന ജില്ലാ അദാലത്തിൽ എത്തിയിരുന്നു. വകുപ്പ് മന്ത്രി എം ബി രാജേഷ് ശുഭയുടെ പരാതി നേരിട്ട് കേൾക്കുകയും നിലവിൽ കോടതി പരിരക്ഷയിൽ സേവനം തുടരുന്ന ശുഭയുടെ വേതനം തടയാൻ പഞ്ചായത്ത്‌ പ്രസിഡണ്ടിനോ മറ്റോ അധികാരം ഇല്ല. അങ്ങനെ ചെയ്താൽ അതു കോടയലക്ഷ്യമാവുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ നഴ്സിന്റെ വേതനം പഞ്ചായത്ത്‌ തനത് ഫണ്ടിൽ നിന്നും നൽകണമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി ക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അതു അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ അജണ്ടയിൽ അടിയന്തിര ഭരണസമിതി ചേരാൻ പഞ്ചായത്ത്‌ ഭരിക്കുന്ന യുഡിഎഫ് ഭരണ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിൽ എൽ ഡി എഫ് മെമ്പർമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ശുഭയുടെ വേതനം അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സെപ്റ്റംബർ 7 ന് കളിക്കളം ജനകീയ സമിതി യോഗത്തിനിടെ എൽ ഡി എഫ് വനിതാ മെമ്പർമാരായ ടി വി സഫീറ, രമ്യ പുലക്കുന്നുമ്മൽ എന്നിവർക്കെതിരെ വൈസ് പ്രസിഡണ്ട്‌ ന്റെ നേതൃത്വത്തിൽ നടന്ന കയ്യേറ്റത്തിലും മർദ്ദനത്തിലും ഇടത് മെമ്പർമാർ രൂക്ഷമായ പ്രതിഷേധം ഉയർത്തി. തുടർന്ന് പ്രസിഡണ്ടിന്റെ ഓഫീസിന് മുന്നിൽ മെമ്പർമാർ പ്രതിഷേധ കൂട്ടായ്മ നടത്തി. ഗോപീനാരായണൻ,ഉദ്ഘാടനം ചെയ്തു.ടി വി സഫീറ, പി പി രാജൻ, ഹംസ വായേരി, പ്രസിന അരുകുറുങ്ങോട്ട്, രമ്യ പുലക്കുന്നുമ്മൽ, ഗീത പനയുള്ളതിൽ, കെ വി ഗോപാലൻ, സി വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത്‌ പാലിയേറ്റീവ് നഴ്സിന്റെ വേതനം നൽകാനുള്ള മന്ത്രിയുടെ നിർദ്ദേശം പാലിക്കേണ്ടതില്ലെന്ന് LDF മെമ്പർമാരുടെ പ്രതിഷേധത്തിനിടയിൽ ഭൂരിപക്ഷ തീരുമാനം യുഡിഎഫ് മെമ്പർമാർ എടുത്തെങ്കിലും ഭരണസമിതി തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന കാര്യം മനസ്സിലാക്കിയ പഞ്ചായത്ത്‌ സെക്രട്ടറി നഴ്‌സ് ശുഭയുടെ വേതന ബില്ലിൽ ഒപ്പിടുകയും അവരുടെ തടഞ്ഞു വെച്ച അഞ്ചു മാസത്തെ വേതനവും നൽകുകയും ചെയ്തു.