വടകരയിലെ സാംസ്ക്കാരിക ചത്വരം ഒരു ദിവസം മുഴുവനായി ഉപയോഗിക്കാൻ 4000 രൂപ, ഫീസ് ഈടാക്കിയ വിഷയത്തിനെതിരെ പ്രതിഷേധം ശക്തം; ചൊവ്വാഴ്ച പ്രതിഷേധ ചത്വരം
വടകര: സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുജനങ്ങളിൽ നിന്നും മറ്റും പൊതു സംഘടനകളിൽ നിന്നും ഫീസ് ഈടാക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫും ആർഎംപിഐയും. നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിഷേധ ചത്വരം സംഘടിപ്പിക്കുവാൻ യുഡിഎഫ്-ആർഎംപിഐ നേതൃയോഗം തീരുമാനിച്ചു.
രാവിലെ മുതൽ രാത്രി വരെ സാംസ്കാരിക ചത്വരം ഉപയോഗിക്കാൻ 4000 രൂപയും രാവിലെ മുതൽ ഉച്ച വരെ 1500 രൂപയും വൈകിട്ട് 3 മുതൽ 9 വരെ 2500 രൂപയും ആണ് വാടക. ഡിപ്പോസിറ്റായി 3500 രൂപ നൽകണമെന്നാണ് കഴിഞ്ഞ ദിവസം ചേർന് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചത്.
പരിപാടികൾക്കായി കോട്ടപ്പറമ്പ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവ സൗജന്യമായാണ് അനുവദിക്കുന്നത്. ചത്വരത്തിന്റെ ഭംഗി നിലനിർത്തി സംരക്ഷിക്കാനും അറ്റകുറ്റപ്പണികൾക്കും തുക ആവശ്യമാണ്. നോക്കി നടത്തുന്ന ആൾക്ക് ശമ്പളവും വൈദ്യുതി ബില്ലും മറ്റും നൽകണം. ഇതിനായാണ് ഫീസ് ഏർപ്പെടുത്തുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു.
സാംസ്കാരിക ചത്വരത്തിൽ നിലവിലുള്ള അലങ്കാരങ്ങൾക്ക് പുറമേ മറ്റ് അലങ്കാരങ്ങളൊന്നും പാടില്ല. ബുക്കിങ് റദ്ദാക്കിയാൽ 50 % തുക തിരിച്ചു നൽകും. മറ്റൊരു ദിവസത്തേക്ക് മാറ്റിയാൽ 25 % അധികം ഈടാക്കും. കേടു വരുത്തിയാൽ ഡിപ്പോസിറ്റിൽ നിന്നു കുറയ്ക്കും. പരിപാടി കഴിഞ്ഞ് 6 മാസത്തിന് ഉള്ളിൽ ഡിപ്പോസിറ്റ് തുക വാങ്ങിയിരിക്കണം എന്നും നിയമാവലിയിൽ പറയുന്നുണ്ട്.