ഓണാഘോഷ പരിപാടിയ്ക്കിടെ മുയിപ്പോത്ത് വായനശാലയും ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും ആക്രമിച്ച സംഭവം; പ്രതിഷേധവുമായി ലൈബ്രറി കൗണ്‍സില്‍


ചെറുവണ്ണൂര്‍: മുയിപ്പോത്ത് നിരപ്പം എം.സത്യന്‍ സ്മാരക ഗ്രന്ഥാലയത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിഷേധിച്ചു. വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സാമൂഹ്യ വിരുദ്ധര്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും വായനശാലയും അക്രമിച്ചത്.

വായനശാല സെക്രട്ടറി കെ.എം.സതീഷ്, പ്രസിഡണ്ട് പി.ദിനേശന്‍, അജേഷ് കെ.കെ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അഭിന്‍രാജ് എന്‍.ആര്‍, അശ്വിന്‍ കൊയമ്പ്രത്ത്, ആനന്ദ കൃഷ്ണന്‍ മാവിലാട്ട്, അനൂപ് മുക്കുവള്ളില്‍, അക്ഷയ് ചാലിയന കണ്ടി, വിഷ്ണു കല്ലും പുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം ആള്‍ക്കാരാണ് ആക്രമണം നടത്തിയത്.

പ്രതിഷേധ കൂട്ടായ്മ വായനശാലാ പ്രസിഡണ്ട് പി.ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ: സെക്രട്ടറി പി.കെ.സുരേഷ്, സി.കെ.പ്രഭാകരന്‍, മജീദ് കോറോത്ത്, ടി.വി.ബാബു, സന്ധ്യ ശ്രീജിത്ത്, കിഷോര്‍ കാന്ത്, പുഷ്പ, സി.കെ.വിജീഷ്, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എം.സതീഷ് സ്വാഗതവും, ആംസിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.