പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പൻസറി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ
പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ പഴയ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ 17 വർഷമായി പ്രവർത്തിച്ചു വരുന്ന ഹോമിയോ ഡിസ്പൻസറി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സർവ്വകക്ഷി യോഗം പ്രതിഷേധിച്ചു. വർഷങ്ങളായി നാട്ടുകാരുടെ സാമ്പത്തിക സാമൂഹ്യ സംരക്ഷണത്തിൽ നിലനിന്നുപോന്ന സ്ഥലത്തെ ഏക സർക്കാർ സ്ഥാപനം സ്വന്തമായി സ്ഥലം സൗജന്യമായി ലഭ്യമാക്കിയിട്ടും അതുപയോഗപ്പെടുത്താതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി.
നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്നുകൊണ്ട് ഡിസ്പൻസറി മാറ്റാനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സർവ്വകക്ഷി യോഗം അറിയിച്ചു. കുനിയിൽ പപ്പൻ എന്നയാളുടെ വീട്ടിൽവച്ച് വൈകുന്നേരം നാല് മണിക്ക് ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സൽമ നന്മന കണ്ടിയുടെ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജോന, പി.കെ.രാഗേഷ്, മുൻവാർഡ് മെമ്പർമാരായ സി.ടി ബാലൻ നായർ, ശ്രീധരൻ കല്ലാട്ട് താഴ, കെ.പി യൂസഫ്, എന്നിവരും സർവ്വകക്ഷി പ്രതിനിധികളായി പി.എസ്. സുനിൽകുമാർ, കെ.പത്മനാഭൻ, കെ.എം.ബാലകൃഷ്ണൻ, കെ.പി. റസാക്ക്, സജീന്ദ്രൻ എ.കെ., സി.പി.ഹമീദ്, കെ.പി. വിശ്വൻ, റാഫി കക്കാട്, വിനീഷ് സി.പി., അബ്ദുൾ അസീസ്, ബാലകൃഷ്ണൻ പി., ഗോപാലൻ കീഴ്പൊയിൽ താഴ എന്നിവരും സംസാരിച്ചു.