‘പി.പി ദിവ്യ രാജിവയ്ക്കണം’; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആളിക്കത്തി പ്രതിഷേധം, കലക്ടറെ തടഞ്ഞുവെച്ചു, ദേശീയപാത ഉപരോധിച്ചു


കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം. സംഭവത്തില്‍ ദിവ്യ രാജിവെച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ 11മണിയോടെ പള്ളിക്കുന്നില്‍ ദേശീയപാത ഉപരോധിച്ചു. മരണത്തിൽ പ്രതിഷേധിച്ച് 12മണിയോടെ എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർ ജില്ലാ കലക്ടർ അരുൺ കെ.വിജയനെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. പിന്നീട് പോലീസ് എത്തിയാണ് കലക്ടറെ മോചിപ്പിച്ചത്‌.

നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവയ്ക്കണം, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം, ഇവർക്കെതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മാത്രമല്ല ദിവ്യയ്ക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓഫിസിനു മുന്നിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി അർജുൻ ദാസ്, ട്രഷറർ അക്ഷയ് കൃഷ്ണ, ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, മണ്ഡലം സെക്രട്ടറി ബിനിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്‌. യാത്രയയപ്പ് യോഗത്തിൽ തന്നെ ഇത്തരത്തിൽ ആക്ഷേപം വേണമായിരുന്നോ, ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞതെന്നും എന്ന തരത്തിലാണ് വിമര്‍ശനം. ദിവ്യയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്.

തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ ദിവ്യ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയായിരുന്നു.

അതേ സമയം നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പരാതിക്കാരനായ ടി.പി പ്രശാന്തന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും നവീൻ ബാബുവിനെ കണ്ടിരുന്നതായും, പല കാരണങ്ങളും പറഞ്ഞ് നവീൻ ബാബു അനുമതി വൈകിപ്പിച്ചു, ആറാം തീയതി വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. തുടര്‍ന്ന്‌ നിർവാഹമില്ലാതെ കുറച്ചു പൈസ നൽകിയെന്നും, ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയോട് പറഞ്ഞതായും, മുഖ്യമന്ത്രിക്ക് വാട്ട്സ് ആപ്പ് മുഖേന പരാതി അയച്ചെന്നുമാണ് പ്രശാന്തന്‍ പ്രതികരിച്ചത്‌.

Description: Protest against District Panchayat President PP Divya on Naveen Babu's death