‘പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെ നിരനിരയായി അവർ അണിചേരും, കെെകൾ കോർത്ത് ജീവിക്കാനുള്ള അവകാശത്തിനായി’; ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറയിൽ പതിനായിരങ്ങളെ അണിനിരത്തി നാളെ മനുഷ്യമതില്‍


പേരാമ്പ്ര: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറയില്‍ നാളെ പതിനായിരങ്ങളെ അണിനിരത്തി മനുഷ്യമതില്‍ തീർക്കും. ​ഗ്രാമപഞ്ചായത്തിന്റെയും ബഫർസോൺ വിരുദ്ധ സമര സമിതിയുടെയും നേതൃത്വത്തിൽ പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെയാണ് ബഹുജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് മനുഷ്യമതില്‍ തീർക്കുക. ബഫർസോണിൽ നിന്ന് പൂർണ്ണമായും പ്രദേശത്തെ ഒഴിവാക്കണമെന്നും ബഫർസോൺ വനാതിർത്തിയിൽ തന്നെ നിർത്തണമെന്നും ആവശ്യപ്പെട്ടാണ് മനുഷ്യമതിൽ തീർക്കുന്നത്.

ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂമിസ്തൃതിയുള്ള പഞ്ചായത്തുകളിലൊന്നാണ് ചക്കിട്ടപ്പാറ. മലയോര മേഖലയായതിനാൽ പഞ്ചായത്തിലെ ഭൂരിഭാ​ഗവും വനമാണ്. സുപ്രീംകോടതിയുടെ വിധി വന്നതോടെ പഞ്ചായത്തിലുള്ളവർ ആശങ്കയിലാണ്. നിലവിലെ ഉത്തരവ് പ്രകാരം പഞ്ചായത്ത് പൂർണ്ണമായും ബഫർസോണിന്റെ പരിധിയിൽ വന്നിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റെ കെ.സുനിൽ പറഞ്ഞു. ഇത് കുടിയേറ്റ ജനതയുൾപ്പെടെയുള്ളവരുടെ ജീവിതത്തെ തന്ന ബാധിക്കുന്നതാണ്. പഞ്ചായത്തിന്റെ അതിർത്തികൾ പൂർണ്ണമായും വനമാണ്. ബഫർസോൺ നിബന്ധനകൾ വന്നാൽ കെട്ടിട നിർമ്മാണം, മോട്ടോർവാഹന നിയന്ത്രണം, വാണിജ്യ സ്ഥാപനങ്ങളുടെ നിരോധനം, അതോടൊപ്പം കാർഷിക മേഖലയും നിരവധിയായ പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടതുണ്ട്. മാത്രമല്ല റവന്യു നിയമത്തിൽ നിന്നും പ്രദേശം പൂർണ്ണമായും വന നിയമത്തിലേക്ക് മാറുകയും ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഇവ പൂർണ്ണമായി ഒഴിവാക്കി കുടിയേറ്റ ജനതയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യമതിൽ തീർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും നാളെ മനുഷ്യമതിലിൽ പങ്കാളികളാകും.

ബഫര്‍ സോണ്‍ വിരുദ്ധ മനുഷ്യമതില്‍ ശക്തിപ്പെടുത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകർ. മനുഷ്യമതില്‍ പ്രക്ഷോഭത്തിന്റെ വിജയത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചിരുന്നു. ഗ്രാമ പഞ്ചായത്തിലെ 90% ആളുകളുടെയും ജീവിതം ദുസ്സഹമാക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍, മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ ഗ്രാമപഞ്ചായത്തിലെ പതിനായിരത്തോളം ബഹുജനങ്ങളും പങ്കാളികള്‍ ആകുന്ന മനുഷ്യ മതില്‍ സൃഷ്ടിക്കുവാനാണ് സ്വാഗത സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി വാർഡ് അടിസ്ഥാനത്തിൽ കൺവെൻഷനുകൾ വിളിച്ച് ചേർത്തിരുന്നു.

നാളെ വെെകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന മനുഷ്യമതിൽ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എ ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ വെെസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ ഇ.എം ശ്രീജിത്ത്, ബിന്ദു വത്സൻ, പഞ്ചായത്തം​ഗം കെ.എ. ജോസുകുട്ടി എന്നിവർ പങ്കെടുത്തു.

Summary: protest against buffer zone in Chakkittapara.